18 September, 2018 07:28:26 AM


ബാങ്ക് ലയനം വീണ്ടും: ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും

ലയിച്ചൊന്നാകുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകും




കൊച്ചി: ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ലയിച്ചൊന്നാകുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ വ്യക്തമാക്കി. ഇതിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകും.

മൂന്നു ബാങ്കുകളുടെയും ഡയറക്ടർ ബോർഡിനോട് ലയനനീക്കം ചർച്ചചെയ്യാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടു. എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ.യിൽ ലയിപ്പിച്ചതിനുപിന്നാലെയാണ് പുതിയ ലയനനീക്കം. ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉറപ്പുനൽകി. 85,675 ജീവനക്കാരാണ് മൂന്നു ബാങ്കുകളിലുമായുള്ളത്.

ലയനം യാഥാർഥ്യമാകുന്നതുവരെ മൂന്നുബാങ്കുകളും സ്വതന്ത്രമായി പ്രവർത്തിക്കും. പ്രവർത്തനക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്താൻ ലയനം വഴിവയ്ക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഇതേമാതൃകയിൽ പൊതുമേഖലയിൽ കൂടുതൽ ബാങ്ക് ലയനങ്ങൾ വരുംവർഷങ്ങളിലുണ്ടാകുമെന്നാണ് സൂചന.



Share this News Now:
  • Google+
Like(s): 50