17 September, 2018 12:10:17 PM


ശബരിമലയില്‍ ഇക്കുറി വെല്ലുവിളികൾ ഏറെ ; പതിവു രീതികളില്‍ അടിമുടി മാറ്റം വരും

താമസം തുടങ്ങി അടിസ്ഥാന കാര്യങ്ങളില്‍ പോലും പരിമിതികള്‍ശബരിമല: നിലയ്ക്കല്‍ ബെയ്സ് ക്യാംപ് ആക്കി തീർത്ഥാടനകാലത്തിന് തയ്യാറെടുക്കുന്ന ശബരിമലയില്‍ ഇക്കുറി വെല്ലുവിളികൾ ഏറെയാണ്. തീർത്ഥാടകരുടെ യാത്ര മുതൽ വിരിവെക്കൽ വരെയുള്ള കാര്യങ്ങളില്‍ അടിമുടി മാറ്റം വരും. പ്രളയത്തില്‍ തകര്‍ന്ന പമ്പാ ത്രിവേണിയില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ മാത്രമാണ് ഇതുവരെ ഒരുക്കിയിട്ടുളളത്.


പ്രളയാനന്തരം ആകെ തകർന്ന പമ്പത്രിവേണിയിൽ ഒരുമാസത്തിന് കഴിയുമ്പോള്‍ ത്രിവേണിയിലെ കെട്ടിടാവശിഷ്ടങ്ങളും, സ്നാനഘട്ടത്തിനു സമീപത്ത് അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്തു കഴിഞ്ഞു. പാലം വീണ്ടെടുക്കാൻ കഴിഞ്ഞതോടെ സന്നിധാനത്തേക്കുള്ള പാതയും തുറക്കാനായി. തകർന്ന് പോയ രാമമൂര്‍ത്തി മണ്ഡപം വരെയുള്ള കെട്ടിടാവശിഷ്ടങ്ങൾ മാറ്റി പൂർവ്വസ്ഥിതിയിലാക്കി. തകർന്ന ശൗചാലങ്ങൾക്ക് പകരം പ്രധാന പാതയോരത്ത് നൂറിലധികം ബയോ ടോയ്ലറ്റുകൾ സജ്ജമാക്കി.


ഭക്തർക്ക് പമ്പയിൽ ബലി തർപ്പണം നടത്താനും കുളിക്കാനും ത്രിവേണി പാലത്തിന് മുകളിൽ താത്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ത്രിവേണിയിലെയും , സന്നിധാനത്തെയും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാൻ കഴിഞ്ഞു. സന്നിധാനത്തേക്ക് കുടിവെള്ളവും എത്തിക്കാനായി. ബേസ് ക്യാംപാക്കി മാറ്റിയ നിലക്കലിൽ നിലവിൽ പാർക്കിംഗിനും കുടിവെള്ളത്തിനും ബുദ്ധിമുട്ടില്ലെന്നാണ് അധികൃതരുടെ വാദം. ആവശ്യത്തിന് ശുചിമുറികളും ഇവിടെ ഉണ്ടെന്ന് ദേവസ്വം ബോ‍ർഡ് വ്യക്തമാക്കുന്നു.


കാര്യങ്ങളെല്ലാം നിശ്ചയിച്ച നിലയില്‍ മുന്നോട്ടു പോകുന്നതായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവകാശപ്പെടുമ്പോഴും വര്‍ഷം അന്പത് ലക്ഷത്തിലേറെ പേരെത്തുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ഇനിയും ഏറെയാണ്. ബെയ്‍ലി പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സൈന്യം പിന്‍മാറി, അയ്യപ്പന്‍മാര്‍ക്കുളള നടപ്പാലം ഉടന്‍ പുനര്‍മിക്കണം, നിലയ്ക്കല്‍ കേന്ദ്രമാക്കി തീര്‍ത്ഥാടകരുടെ വിശ്രമത്തിനും വാഹന പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കണം, അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ ബല പരിശോധന പൂര്‍ത്തിയാക്കി തുടര്‍നടപടിയെടുക്കണം, ഹില്‍ ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലേക്കുളള പാലമെന്ന പ്രഖ്യാപനവും ബാക്കി. 


നിലവില്‍ ടാറ്റയുടെ സാങ്കേതിക സഹായത്തോടെ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് ശുചീകരണവും പുനര്‍മാണവും. പുനര്‍നിര്‍മാണം ദേവസ്വം ബോര്‍ഡിനോട് തുടങ്ങി വയ്ക്കാനായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാരിന്‍റെ റോളെന്തെന്ന ഹൈക്കോടതിയുടെ ചോദ്യം പിന്നാലെ വന്നു. എന്നാല്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ തന്നെയെന്ന് ദേവസ്വം മന്ത്രി അവകാശപ്പെടുന്നു.


പ്രധാന നാലു സീസണുകളിലും മാസ പൂജാ കാലത്തുമായി നടവരവു കൂടാതെ ശബരിമലയില്‍ നിന്ന് സര്‍ക്കാര‍് ഖജനാവിലേക്കെത്തുന്നത് 700 മുതല്‍ 1000 കോടി രൂപ വരെ. എന്നിട്ടും കുടിവെളളം, ഗതാഗതം, താമസം തുടങ്ങി അടിസ്ഥാന കാര്യങ്ങളില്‍ പോലും പരിമിതികള്‍ നിലനില്‍ക്കുന്നു. ഈ യാഥാര്‍ത്ഥ്യം കൂടിയാണ് മഹാപ്രളയത്തിനൊപ്പം പുറത്തു വന്നത്.Share this News Now:
  • Google+
Like(s): 277