17 September, 2018 10:52:49 AM


ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു



കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. തിരുവല്ല ഓമല്ലൂര്‍ സ്വദേശിയാണ് ക്യാപറ്റന്‍ രാജു. 


1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍. വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത നടന്‍ കൂടിയായിരുന്നു ക്യാപറ്റന്‍ രാജു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന ക്യാപറ്റന്‍ രാജു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 


നേരത്തെ പക്ഷാഘാതം നേരിട്ടിരുന്നെങ്കിലും ചികില്‍സയിലൂടെ അതിജീവിച്ച ക്യാപറ്റന്‍ രാജുവിന് മകന്റെ വിവാഹാവശ്യത്തിനായി ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ദുബായില്‍ വിമാനത്തില്‍ വച്ച് വീണ്ടു പക്ഷാഘാതം നേരിടുകയായിരുന്നു. ഏറെ നാളുകള്‍ ദുബായില്‍ ചികില്‍സയില്‍ ആയിരുന്ന ക്യാപ്റ്റന്‍ രാജുവിനെ പിന്നീടെ കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.




Share this News Now:
  • Google+
Like(s): 574