17 September, 2018 06:41:00 AM


തീർത്ഥാടകർക്ക് ഇരുട്ടടി: കെ. എസ്. ആർ. ടി. സി പമ്പ - നിലയ്ക്കൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

രാവിലെ 31 രൂപ ആയിരുന്നത് ഉച്ച കഴിഞ്ഞപ്പോൾ 40 രൂപയാക്കി



ശബരിമല: ശബരിമലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് മുതലാക്കി കെ.എസ്.ആർ.ടി.സി പമ്പ മുതൽ നിലയ്ക്കൽ വരെയുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഇന്നലെ രാവിലെ 31 രൂപ ഈടാക്കിയിരുന്നത് ഉച്ച കഴിഞ്ഞപ്പോൾ 40 രൂപയാക്കി. പഴയ നിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും 62 രൂപ കൊടുക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 80 രൂപ കൊടുക്കണം. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ നിയന്ത്രിച്ച് ഭക്തരെ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളിലാണ് കയറ്റി വിടുന്നത്. 

കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് ട്രാഫിക് ഓഫീസർ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കെ.എസ്.ആർ.ടി.സി നടപ്പാക്കിയ നിരക്ക് വർദ്ധന പമ്പ-നിലയ്ക്കൽ റൂട്ടിൽ ഇന്നലെ മുതൽ നടപ്പാക്കുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ രാവിലെ പമ്പയിൽ ചീഫ് ട്രാഫിക് ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്ന അറിയിപ്പുണ്ടായത്.

50 സീറ്റുള്ള ഒരു ബസിന്‍റെ ഒരു ഇരുഭാഗത്തേക്കുമുള്ള ഒരു സർവീസിൽ നിന്ന് 4000 രൂപ കളക്‌ഷൻ ലഭിക്കണമെന്നാണ് നിർദ്ദേശം. ഒരു ബസ് ഒരു ദിവസം അഞ്ച് സർവീസ് നടത്തി 20,000 രൂപ കളക്‌ഷനെത്തിക്കണം. എന്നാൽ മാത്രമേ ഡീസൽ ചെലവ് കഴിഞ്ഞ് ലാഭം കിട്ടൂവെന്നാണ് അധികൃതർ പറയുന്നത്. നോൺ എ.സി ലോ ഫ്ളോർ ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. അതേസമയം, ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതിനെപ്പറ്റി പ്രതികരിക്കാൻ ചീഫ് ട്രാഫിക് ഓഫീസർ തയ്യാറായില്ല.



Share this News Now:
  • Google+
Like(s): 159