15 September, 2018 08:48:13 PM
കുഞ്ഞിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ചികിത്സ നല്‍കിയില്ല; ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍
തമിഴ്നാട് സ്വദേശി പ്രകാശ് സേത്തുവും ഭാര്യ മാലയുമാണ് അറസ്റ്റിലായത്

ഫ്ലോറിഡ: കുഞ്ഞിന് ഡോക്ടര്‍ നിർദേശിച്ച ചികിത്സ നൽകാത്ത ഇന്ത്യൻ ദമ്പതികളെ അമേരിക്കയിലെ ഫ്ലോറിഡയിൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ പ്രകാശ് സേത്തുവിനെയും ഭാര്യ മാല പനീര്ശെല്വത്തെയുമാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. കുഞ്ഞിനോടുള്ള ഉത്തരവാദിത്തത്തില്‍ മാതാപിതാക്കൾ വീഴ്ച വരുത്തി എന്നാണ് അധികൃതരുടെ വാദം.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇവര്‍ ആറു മാസം പ്രായമുള്ള മകളുടെ ഇടതു കൈയിലെ വീക്കത്തിന് ചികിത്സ തേടി ഫ്ളോറിഡയിലെ ആശുപത്രിയിലെത്തിയത്. എന്നാൽ ഡോക്ടർമ്മാർ നിർദ്ദേശിച്ച ചികിത്സ നൽകാൻ വിസമ്മതിക്കുകയും അനുമതിയില്ലാതെ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോകുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസിലേക്ക് മാറ്റുകയുമായിരുന്നു. സെപ്തംബര്‍ 13ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദമ്പതികളെ അടുത്ത ദിവസം 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി അധികൃതര്‍ ചരുക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.
അതേ സമയം പ്രകാശിനും മാലക്കും എതിരെയുള്ള ആരോപണങ്ങൾ സൂഹൃത്തുക്കൾ നിഷേധിച്ചു. ഡോക്ടർ നിർദ്ദേശിച്ച പരിശോധനകൾ വളരെ ചെലവേറിയതാണെന്നും അത്രയും പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇവര്‍ പരിശോധനകള്‍ക്ക് സമ്മതം നല്‍കാതിരുന്നതെന്നും സുഹൃത്തുക്കള്‍ അധികൃതരെ അറിയിച്ചു. കൂടാതെ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ബന്ധുക്കളെപ്പോലുമേല്പിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.