15 September, 2018 02:33:18 PM


'പാതാളം ഒരു മോശം സ്ഥലമല്ല'; സ്പീക്കറുടെ പരാമര്‍ശത്തിന് മറുപടിയുമായി പി.സി ജോര്‍ജ്

സ്പീക്കറുടെ പരാമര്‍ശം തനിക്ക് കിട്ടിയ വലിയ അംഗീകാരമെന്നും ജോര്‍ജ്

 


തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടു കാലമാകുന്ന തന്‍റെ നിയമസഭാ പ്രവര്‍ത്തനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് നിയസഭാ സ്പീക്കറുടെ പ്രസ്താവനയെന്ന് പി.സി.ജോര്‍ജ് ‍എം.എല്‍.എ. നിയമസഭയുടെ അന്തസ് പി.സി. ജോര്‍ജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ പരാമര്‍ശത്തിന് ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചത്. 


പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്കാണ് ചവിട്ടിത്താഴ്ത്തിയതെന്ന് ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നു. 'സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മ കൊണ്ടോ അല്ല. ഞാനൊരു വലിയ സംഭവമാണെന്ന് നാലു പേരറിഞ്ഞോട്ടെ എന്ന വിഡ്ഢിത്തത്തില്‍ നിന്നാണ് അവരൊക്കെ അങ്ങനെ പറയുന്നത്' - സ്‌കൂള്‍ പഠന കാലത്ത് അധ്യാപകന്‍ പകര്‍ന്ന അറിവ് ചൂണ്ടികാട്ടി ജോര്‍ജ് പോസ്റ്റില്‍ കുറിക്കുന്നു.


താനൊരു ഗ്രാമീണനായ പൂഞ്ഞാറുകാരനാണെന്ന് പറയുന്ന ജോര്‍ജ് നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു. കെ.എം മാണി നിയസഭയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇടത് എം.എല്‍.എമാര്‍ സ്പീക്കറുടെ കസേരയോട് കാണിച്ച 'അത്യാദരവ്' വിസ്മരിച്ചിട്ടില്ലല്ലോ എന്നും ജോര്‍ജ് പരിഹസിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയ സാഹചര്യത്തിലായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പി.സി ജോര്‍ജിനെതിരെ പ്രസ്താവന നടത്തിയത്. മോശമായ പദപ്രയോഗം പിന്‍വലിക്കുന്നതായി പി.സി ജോര്‍ജ് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു




Share this News Now:
  • Google+
Like(s): 71