14 September, 2018 08:43:34 PM


പാടങ്ങൾ വരണ്ടു, വിത്ത് കിട്ടാനില്ല; പുഞ്ചകൃഷി ഉപേക്ഷിക്കാൻ തയ്യാറായി കർഷകർ

നവംബർ 15ന് മുമ്പ് വിത പൂർത്തിയാക്കി മാർച്ച് 15ന് മുമ്പ് വിളവെടുപ്പ് പൂർത്തിയാക്കണം



കോട്ടയം: മഹാപ്രളയത്തിന് ശേഷം വറ്റിവരണ്ട പാടങ്ങളിൽ കൃഷിയിറക്കാനാകാതെ കർഷകർ ആശങ്കയിൽ. ഇൻഷ്വറൻസ് പരിരക്ഷയും സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ നവംബർ 15ന് മുമ്പ് പുഞ്ചകൃഷി ഇറക്കിയിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൂടിയായപ്പോൾ പ്രളയത്തിൽ മുങ്ങിയ കർഷകർ ആകെ വെട്ടിലായി.


നവംബർ 15ന് മുമ്പ് വിത പൂർത്തിയാക്കി മാർച്ച് 15ന് മുമ്പ് വിളവെടുപ്പ് പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ്‌ കൃഷിഭവനുകൾ വഴി കർഷകർക്ക് നൽകിയിട്ടുള്ളത്. കൊടുംവേനലിനെക്കാളും രൂക്ഷമായ അവസ്ഥയിൽ സംസ്ഥാനത്തൊട്ടാകെ പാടങ്ങൾ വറ്റിവരണ്ടിരിക്കുകയാണ്. കുട്ടനാടൻ മേഖല ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം വിണ്ടു കീറിയ പാടത്ത് മൂന്ന് അടി വരെ താഴെയാണ് ജലനിരപ്പ് ഇപ്പോൾ. ഇതിന് പുറമെയാണ് പ്രളയത്തിൽ ഒഴുകിയടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും.


ഈ പ്രതിസന്ധികൾ തരണം ചെയ്ത് ഏത് വിധേനയും കൃഷിക്ക് നിലമൊരുക്കാമെന്ന് കരുതിയാൽ നെൽവിത്ത് കൃത്യസമയത്ത് കിട്ടുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. പുഞ്ചകൃഷിക്കായി ഒക്ടോബറിലാണ് നെൽവിത്ത് സർക്കാർ ലഭ്യമാക്കേണ്ടത്. പ്രളയത്തെ തുടർന്നുള്ള പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ അടുത്ത മാസം വിത്ത് ലഭിക്കുമോ എന്ന കാര്യത്തിൽ കൃഷി ഉദ്യോഗസ്ഥർക്കും സംശയമുണ്ട്. ഇക്കാര്യത്തിൽ ഉറപ്പില്ലെങ്കിലും വിത്ത് ആവശ്യമുള്ള പാടശേഖരസമിതികളുടെ ലിസ്റ്റ് കൃഷിഭവനുകൾ വഴി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്‌.


സാധാരണ തുലാവർഷത്തിനു ശേഷമാണ് പലയിടത്തും പുഞ്ചകൃഷിക്ക് കർഷകർ കളമൊരുക്കുക. രണ്ട് പ്രളയങ്ങൾക്കു ശേഷം ഇനി തുലാവർഷം തങ്ങളെ ചതിക്കുമോ എന്ന ഭയവും കർഷകർക്കുണ്ട്. നവംബർ 15ന് മുമ്പ് പുഞ്ചകൃഷിയ്ക്ക് വിതക്കണമെന്ന് പറയുമ്പോഴും തുലാം മാസം നവംബർ 16 വരെയുണ്ടെന്ന കാര്യവും അധികൃതർ മറന്ന മട്ടാണ്. കാലം മാറി മഴ പെയ്യുക കൂടി ചെയ്താൽ വിതയ്ക്കുന്നതും കൊയ്യുന്നതും പിന്നെയും താമസിക്കും. ചിലപ്പോൾ കൃഷി നശിക്കാനും ഇടയാകും. ഇൻഷ്വറൻസ് പരിരക്ഷയും സബ്സിഡിയും ഇല്ലാതാക്കുവാനും ഇത് കാരണമായേക്കാം. കഴിഞ്ഞ വർഷം സമയത്ത് കൊയ്ത്ത് നടന്നില്ല എന്ന കാരണം പറഞ്ഞ് ഇൻഷ്വറൻസ് ക്ലയിം പലർക്കും നിരസിച്ചിരുന്നു.


കോട്ടയം ജില്ലയിലെ പേരൂരിൽ ഒരു സംഘം കർഷകർ കഴിഞ്ഞ വർഷം ഇൻഷ്വറൻസ് ലഭിച്ചില്ല എന്ന കാരണത്താൽ ഇക്കുറി കൃഷി ഉപേക്ഷിക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ഇപ്പോൾ കാണുന്ന വരൾച്ച ഈ വിധം തുടരുന്നാൽ അതും വൻ പ്രതിസന്ധിയിലേക്കാണ് കാർഷിക മേഖലയെ കൊണ്ടെത്തിക്കുക.



Share this News Now:
  • Google+
Like(s): 353