12 September, 2018 09:49:52 PM


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

ബിഷപ്പിനെതിരായ അന്വേഷണത്തിൽ പൊലീസിനെ പിന്തുണച്ച് സിപിഎം



മുംബൈ: ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ സിബിസിഐ പ്രസിഡന്‍റ് ഓസ്വാൾസ് ഗ്രേഷ്യസ്  വ്യക്തമാക്കി. കന്യാസ്ത്രീ മുംബൈ അതിരൂപത അധ്യക്ഷന് വിഷയത്തില്‍ കത്തയച്ചിരുന്നു.


ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മകള്‍ ശക്തമാവുകയാണ്. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്ക്ല്‍ ഹാജരാകണം. കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമെന്നും ഐ.ജി വിജയ് സാക്കറേ പറഞ്ഞിരുന്നു.


തിരുവനന്തപുരം: അതേസമയം ബിഷപ്പിനെതിരായ അന്വേഷണത്തിൽ പൊലീസിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. കന്യാസ്‌ത്രീ നല്‍കിയ പരാതി സംബന്ധിച്ച്‌ പോലീസ്‌ കാര്യക്ഷമമായ അന്വേഷണമാണ്‌ നടത്തുന്നതെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. നാലുവര്‍ഷം മുമ്പ് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിൽ സർക്കാരോ പാർട്ടിയോ ഇടപെടാറില്ല.  


പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നത്‌. തെളിവുണ്ടെങ്കില്‍ ഏത്‌ ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന്‌ മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്‌. ഈ കേസിലും ഊര്‍ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പോലീസ്‌ സ്വീകരിക്കുമെന്നാണ്‌ കരുതുന്നതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 92