12 September, 2018 04:34:04 PM


തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം അട്ടിമറിച്ച് പണിത ബസ് ബേയില്‍ യാത്രക്കാര്‍ക്ക് ദുരിതം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഇല്ലാതായതോടെ ബസ് ബേ അനാഥാവസ്ഥയിലായിഏറ്റുമാനൂർ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത പദ്ധതി അട്ടിമറിച്ച് പണിത ബസ് ബേ ഇന്ന് അനാഥാവസ്ഥയില്‍. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയ്ക്കു സമീപം വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത ഏറ്റുമാനൂരപ്പന്‍ ബസ് ബേയാണ് അധികൃതര്‍ ആരും തിരിഞ്ഞു നോക്കാതെ യാത്രക്കാര്‍ക്ക് യാതനകള്‍ മാത്രം സമ്മാനിച്ച് അര പതിറ്റാണ്ടായി  നിലകൊള്ളുന്നത്. 

ഒട്ടേറെ ആധുനിക സൗകര്യങ്ങള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ബസ് ബേയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയായത്. പക്ഷെ ഒന്നും നാളിതുവരെ ഫലത്തിലായില്ല. ബസ്ബേയിൽ ഒരു ലൈറ്റിടാൻ പോലും അധികൃതർക്ക് കഴിഞ്ഞില്ല. രാത്രിയിൽ എതിർവശത്തുള്ള വഴിവിളക്കിലെ പ്രകാശമാണ് യാത്രക്കാർക്ക് ആശ്രയം. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ താവളമാക്കുകയാണ്. കുടിവെള്ളവും യാത്രക്കാർക്ക് മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നടന്നില്ല.

കെ.എസ്.ടി.പി. എം.സി.റോഡ് നവീകരണം നടത്തിയപ്പോൾ ബസ്ബേയ്ക്ക് ശാപമോക്ഷമാകുമെന്ന പ്രതിക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ തറ നിരപ്പിൽ നിന്നും ബസ്ബേയിലേയ്ക്കുള്ള ഉയരം കൂടിയതല്ലാതെ യാതൊരു മാറ്റവുമുണ്ടായില്ല. പ്രായം ചെന്നവരും വികലാംഗരും മറ്റും ബസ്ബേയിൽ കയറി പറ്റാൻ തന്നെ വിഷമിക്കുകയാണ്. ബസ്ബേയ്ക്ക് വേണ്ടി കെ.എസ്.ടി.പി. ഏറ്റെടുത്ത സ്ഥലം തട്ടുകട ഉള്‍പ്പെടെയുള്ള കച്ചവടക്കാർ കൈയ്യേറി. രാത്രിയിൽ ടോറസ് ലോറിയുൾപ്പടെയുളള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ്ബേയിലാണ്. ഇതോടെ ബസ്ബേയ്ക്ക് മുകൾഭാഗം വാഹനങ്ങൾ തട്ടി തകർന്നു.

2013-14 വര്‍ഷം അയ്യപ്പതീര്‍ത്ഥാടകര്‍ക്കായി കോട്ടയം ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഹരിവരാസനം പദ്ധതിയുടെ മറവിലാണ് ബസ് ബേ നിര്‍മ്മിച്ചത്. ഏറ്റുമാനൂര്‍ പോലുള്ള പ്രമുഖ ഇടത്താവളങ്ങളില്‍ ദേവസ്വം സ്ഥലം ലഭ്യമാക്കിയാല്‍ അവിടെ വിശ്രമകേന്ദ്രം പണിതു നല്‍കുക എന്നതായിരുന്നു പദ്ധതി. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിലേക്ക് വകകൊളളിച്ചിരുന്നത്. എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് അനന്തമായി നീണ്ട പദ്ധതിയുടെ മറവില്‍ അന്ന് സ്ഥലത്തെ ജില്ലാ പഞ്ചായത്ത് അംഗം വെയിറ്റിംഗ് ഷെഡ് പണിയുകയായിരുന്നു. ഹരിവരാസനം പദ്ധതിയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബസ് ബേ പണിയുന്നതിന് ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും കൂടെ കൂടി.

ഹരിവരാസനം പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ച് വെയിറ്റിംഗ് ഷെഡ് പണിയുന്നതില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മലാ ജിമ്മി തുടക്കത്തിലേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ അംഗമായ ജോസ്മോന്‍ മുണ്ടയ്ക്കലുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇതിനു കാരണമെന്ന് പറഞ്ഞ് അന്ന് നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ടുവെങ്കിലും ഇത് യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് പിന്നീട് മനസിലായി. ഇതിനിടെ കുരുക്കുകള്‍ കൂടുതല്‍ മുറുകുകയും ചെയ്തു.

ജില്ലാ പഞ്ചായത്തിന്‍റെ അനുമതി മേടിക്കാനോ കരാര്‍ വെക്കാനോ തയ്യാറാകാതെയാണ് വെയിറ്റിംഗ് ‍ഷെഡിന്‍റെ പണി തീര്‍ത്തത്. ഇതോടെ പണം നല്‍കില്ലെന്നായി അധികൃതര്‍. ഇതിന് പിന്നാലെ ഹരിവരാസനം പദ്ധതിയ്ക്കായി നീക്കിവെച്ച തുക ജില്ലാ പഞ്ചായത്ത് റദ്ദാക്കുകയും ചെയ്തു. ഇതോടെ പണത്തിനായി നെട്ടോട്ടം ആരംഭിച്ച ജില്ലാ പഞ്ചായത്ത് അംഗം കേസുമായി കോടതിയില്‍ എത്തി. എഗ്രിമെന്‍റ് വെക്കാതെ തന്നിഷ്ടം പണിത പ്രവൃത്തിയായതിനാല്‍ തുക നല്‍കാനാവില്ലെന്നാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. 

ഇതിനിടെ ഏറ്റുമാനൂര്‍ നഗരസഭ രൂപീകരിക്കപ്പെട്ടപ്പോള്‍ ഏറ്റുമാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഇല്ലാതായി. ഇതോടെ ഇനി ബസ് ബേയുടെ കാര്യങ്ങള്‍ ആരു നോക്കുമെന്ന അവസ്ഥയിലാണ്. തങ്ങളുടെ മാനദണ്ഡധ്ധളനുസരിച്ചല്ല ബസ് ബേ പണിതത് എന്നതിനാല്‍ കെ.എസ്.ടി.പി.യും കൈയൊഴിഞ്ഞ നിലയിലാണ്.Share this News Now:
  • Google+
Like(s): 466