11 September, 2018 07:18:18 PM


പ്രളയക്കെടുതി : കോട്ടയത്ത് 54,447 പേര്‍ക്ക് 10,000 രൂപ ധനസഹായം വിതരണം ചെയ്തു

കിണര്‍ ശുചീകരണവും പരിശോധനയും ജില്ലയില്‍ സജീവം



കോട്ടയം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുന്ന 10,000 രൂപയുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ 54,447 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അറിയിച്ചു.



രണ്ട് ദിവസത്തില്‍ കൂടുതല്‍ വീട്ടിനകത്ത് വെള്ളം കെട്ടിനിന്നവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രളയബാധിതര്‍ക്ക് സഹായധനം നല്‍കുന്നത്. ധനസഹായം നല്‍കേണ്ട 70,000 ത്തോളം അപേക്ഷകളില്‍ 7142 അപേക്ഷകര്‍ തന്നിരിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ല.


ചില അപേക്ഷകളില്‍ അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിവരങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഇതു വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തിരുത്തലുകള്‍ വരുത്തി എത്രയും  വേഗത്തില്‍ ധനസഹായവിതരണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.        

ജില്ലയില്‍ കിണര്‍ ശുചീകരണം സജീവം


കിണര്‍ ശുചീകരണവും പരിശോധനയും ജില്ലയില്‍ സജീവം. തിരുവാര്‍പ്പ് പഞ്ചായത്തിലെ 341 കിണറുകളിലും വൈക്കം നഗരസഭയിലെ 631 കിണറുകളിലും പരിശോധന പൂര്‍ത്തിയായി. ശുചീകരണത്തിന് 15 പമ്പുകള്‍, 17 ടണ്‍ കുമ്മായം, 24000 ഗ്ലൗസുകള്‍, ലോഷനുകള്‍ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്.  പടിഞ്ഞാറന്‍  മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ശുചിത്വമിഷനും സംയുക്തമായി കുടിവെള്ള സോതസ്സുകളില്‍ നടത്തിയ പരിശോധനയും പൂര്‍ത്തിയായി.
  

കുട്ടിയ്ക്ക് ഒരു കുട്ടി പദ്ധതി: നോട്ടുബുക്കുകള്‍ കൈമാറി


ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുട്ടിയ്‌ക്കൊരു കുട്ടി പദ്ധതിയിലേക്ക്  പാത്താമുട്ടം സെന്റ ഗിറ്റ്‌സ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്   5400 നോട്ടുബുക്കുകള്‍ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനിയ്ക്ക് കൈമാറി. കോളേജിലെ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് വിഭാഗത്തിലെ 1000 വിദ്യാര്‍ത്ഥികളും 50 അദ്ധ്യാപകരും ചേര്‍ന്നാണ് ബുക്കുകള്‍ നല്‍കിയത്്. ഒരാള്‍ അഞ്ച് ബുക്കുകള്‍ വീതം നല്‍കുക എന്ന നിലയില്‍ 65,000 രൂപയുടെ നോട്ടുബുക്കുകളാണ് നല്‍കിയത്. കോളേജിലെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗം കോര്‍ഡിനേറ്റര്‍ പ്രഫ.സഞ്ജു പി.ചെറിയാന്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.   



Share this News Now:
  • Google+
Like(s): 103