10 September, 2018 07:45:22 PM


ഏഴാച്ചേരിയിലെ നാട്ടുചന്തയില്‍ ഇനി നാടന്‍ കര്‍ഷകനും നാട്ടു കൃഷിയും




പാലാ: ഏഴാച്ചേരിയിലെ 'നമ്മുടെ നാട്ടു ചന്ത'' യില്‍ ഇനി 'നാടന്‍ കര്‍ഷകനും നാട്ടുകൃഷിയും'. നാട്ടു ചന്ത സംഘാടകരായ സ്റ്റോണേജ് ക്ലബ്ബ് നാട്ടിലെ കര്‍ഷകരെയും കാര്‍ഷിക താല്‍പ്പര്യമുള്ള റിട്ട. ഉദ്യോഗസ്ഥരെയും ചേര്‍ത്ത് നേരിട്ട് കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. 


രണ്ടു മാസം മുമ്പ് ആരംഭിച്ച 'നമ്മുടെ നാട്ടു ചന്ത' വന്‍ വിജയമായതിന്റെ ആവേശത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍. നിലവില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന നമ്മുടെ നാട്ടു ചന്തയില്‍ തനി നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവിലാണ് വിറ്റ് വരുന്നത്. കര്‍ഷകര്‍ നേരിട്ട് എത്തിക്കുന്ന ചെറുതും, വലുതുമായ അളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെ വില്‍പ്പനയ്ക്കുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത കുത്തരി , കുടപ്പനപ്പൊടി, കൂവപ്പൊടി,  വാഴത്തണ്ട് അച്ചാര്‍, ഉപ്പേരിക്കപ്പ, ഉപ്പുമാങ്ങാ, നാടന്‍ തേന്‍, വെളിച്ചെണ്ണ, മത്തപ്പൂവ്, വാഴച്ചുണ്ട് തുടങ്ങി അന്‍പതോളം നാടന്‍ വിഭവങ്ങളാണിപ്പോള്‍ നാട്ടുചന്തയിലൂടെ കിട്ടുന്നത്. കൂടുതല്‍ അളവില്‍ വേണ്ടവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.


ആവശ്യക്കാര്‍ ചൂണ്ടിക്കാട്ടുന്ന മുറയ്ക്ക് പച്ചക്കറികള്‍,  കൃഷിയിടത്തില്‍ നിന്നും പറിച്ചു കൊടുക്കാനാണ് നാട്ടു ചന്തയുടെ അങ്കണത്തില്‍ തന്നെ കൃഷി ആരംഭിക്കുന്നതെന്ന് നാടന്‍ കര്‍ഷകന്‍ നാട്ടുകൃഷി ഭാരവാഹികള്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ കൃഷി 'നമ്മുടെ നാട്ടു ചന്ത' അങ്കണത്തില്‍ തന്നെയാണ്  തുടങ്ങുന്നത്. പച്ചക്കറി - വാഴക്കൃഷിയാണാദ്യം. ഇതിനുള്ള മണ്ണൊരുക്ക് ഇന്നലെ കര്‍ഷക കൂട്ടായ്മയുടെ  നേതൃത്വത്തില്‍ തുടങ്ങി.


'നാടന്‍ കര്‍ഷകന്‍ നാട്ടുകൃഷി' ഭാരവാഹികളായ കെ.ജി. ബാലകൃഷ്ണന്‍ നായര്‍, ജയ്‌സണ്‍  കരിങ്ങോഴയ്ക്കല്‍, കെ. അലോഷ്യസ്, ജോണി പള്ളിയാരടി, ജോയി കീയപ്പാട്ട്, എം.ആര്‍.സോമന്‍, മനോജ് പുത്തന്‍പുരയില്‍, ബാബുവാണിയിടത്ത്,  എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണൊരുക്ക് നടത്തിയത്. കൂടുതല്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും ഇവര്‍ ആലോചിക്കുന്നുണ്ട്.  




Share this News Now:
  • Google+
Like(s): 106