10 September, 2018 06:09:36 PM


പ്രളയത്തിനുശേഷം നാട് വരള്‍ച്ചയിലേക്ക് ? മീനച്ചിലാര്‍ വരളുന്നു; കിണറുകള്‍ വറ്റിതുടങ്ങി

നീരൊഴുക്ക് നാമമാത്രമായി. മണല്‍തിട്ടകള്‍ തെളിഞ്ഞു തുടങ്ങി




കോട്ടയം: കേരളം മുഴുവന്‍ അതിഭീകരമാം വിധം നാശം വിതച്ച് മഹാ പ്രളയത്തിനു ശേഷം നദികളിലെ ജലവിതാനം സാധാരണയില്‍ കവിഞ്ഞ രീതിയില്‍ താഴ്ന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിലാറ്റിലെ ജലനിരപ്പ് ഒരു വരള്‍ച്ചയിലെന്ന പോലെ കുറഞ്ഞുവരികയാണ്. പലയിടത്തും നീരൊഴുക്ക് നാമമാത്രമായി. മണല്‍തിട്ടകള്‍ തെളിഞ്ഞു തുടങ്ങി. ആറ്റുതീരത്തെ പല കിണറുകളും വറ്റി. ഇതു വരെ വറ്റാത്ത കിണറുകളില്‍ ജലനിരപ്പ് നാമമാത്രമായി. 


കോട്ടയം നഗരം ഉള്‍പ്പെടെ കുടിവെള്ളത്തിനാശ്രയിക്കുന്നത് മീനച്ചിലാറിനെയാണ്. പൂവത്തുംമൂട്ടില്‍ നിന്ന് പമ്പ് ചെയ്യുന്ന ജലം ശുദ്ധീകരിച്ചാണ് നഗരത്തിലും മെഡിക്കല്‍ കോളേജിലും എത്തിക്കുന്നത്. പ്രളയത്തിന് മുമ്പ് വരെ മാലിന്യം നിറഞ്ഞ് കറുത്ത് ഇരുണ്ട നിറമായിരുന്നു മീനച്ചിലാറ്റിലെ ജലത്തിന്. ഒഴുക്ക് നിലച്ച പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും തീരത്തെ വ്യവസായശാലകളില്‍ നിന്നും ഏറ്റുമാനൂര്‍, പാലാ, കോട്ടയം പോലുള്ള നഗരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളി വിടുന്നതായിരുന്നു പ്രധാന കാരണം. 


പ്രളയം ഒട്ടേറെ ദുരിതം സമ്മാനിച്ചെങ്കിലും ഇനിയെങ്കിലും നല്ല വെള്ളം ലഭിക്കുമെന്ന് ആശിച്ച പരിസരവാസികള്‍ക്ക് നിരാശ സമ്മാനിച്ചാണ് ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ജലവിതാനം താഴ്ന്നത്. ആറുമാനൂര്‍ ഭാഗത്ത് വെള്ളത്തിനടിയിലായിരുന്ന തിട്ടകള്‍ ഇപ്പോള്‍ ജലനിരപ്പിന് മുകളില്‍ പ്രത്യക്ഷപ്പെട്ടു. സാധാരണ വെള്ളപൊക്കം ഉണ്ടായാല്‍ ആഴ്ചകളോളം പുഴയിലെ ജലവിതാനം ഒരു പരിധിവരെ താഴാതെ കിടക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. സാധാരണ വേനലിന് മുമ്പേ ആറ്റിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങുക ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. എന്നാലിപ്പോഴത്തെ പ്രതിഭാസം വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയായാണ് നാട്ടുകാര്‍ കരുതുന്നത്.




Share this News Now:
  • Google+
Like(s): 157