10 September, 2018 02:23:40 PM


ചെന്നിത്തലയുടെ മകന് ഹര്‍ത്താല്‍ ദിനത്തില്‍ വിവാഹ നിശ്ചയം; ചെന്നിത്തല എത്തിയത് സ്കൂട്ടറില്‍

കാളവണ്ടിയിലുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവിലാണ് ചെന്നിത്തല എത്തിയത്




കൊച്ചി: കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. കാര്യം മകന്‍റെ നിശ്ചയമാണെങ്കിലും പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷനേതാവ് വേദിയിലെത്തിയത്. കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്‌കൂട്ടറില്‍ അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തി.



അതിഥികള്‍ കാറിലെത്തിയപ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ വരന്‍റെ പിതാവിനെ കണ്ട് ബന്ധുക്കള്‍ ഒന്ന് അമ്പരന്നു. രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്‍റെയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലാണ്. സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചില അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.



Share this News Now:
  • Google+
Like(s): 146