10 September, 2018 11:15:14 AM


'ടെയ്ക്ക് എ ബ്രേക്ക്' പാളുന്നു; മാലിന്യവാഹിനിയായി പെണ്ണാര്‍ തോടും അതിരമ്പുഴ ചന്തക്കുളവും




ഏറ്റുമാനൂര്‍: കൊട്ടും കുരവയുമായി കഴിഞ്ഞ നവംബറില്‍ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ടെയ്ക്ക് എ ബ്രേക്ക് വിനോദസഞ്ചാര പദ്ധതി കടലാസില്‍ തന്നെ ഒതുങ്ങുന്നു. പദ്ധതി മേഖലയായ അതിരമ്പുഴ ചന്തക്കുളവും പെണ്ണാര്‍ തോടും മാലിന്യം തള്ളാനുള്ള ഇടവുമായി മാറി. കനാല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടെയ്ക്ക് എ ബ്രേക്ക് പദ്ധതി വിഭാവനം ചെയ്തത്. ഒരു കാലത്ത് ബോട്ടുകളും കെട്ടുവള്ളങ്ങളുമായി ഹൈറേഞ്ചിനേയും ആലപ്പുഴയേയും കൊച്ചിയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു അതിരമ്പുഴ. 


വര്‍ഷങ്ങളുടെ ചരിത്രം പറയുവാനുള്ള അതിരമ്പുഴ മാര്‍ക്കറ്റും പെണ്ണാര്‍ തോടും ഒരു കാലഘട്ടത്തിന് ശേഷം ടൂറിസം ഭൂപടത്തിലേക്ക് കയറുന്ന പദ്ധതിയായിരുന്നു 'ടെയ്ക്ക് എ ബ്രേക്ക്'. ഒരു കാലത്ത് അതിരമ്പുഴ പെണ്ണാര്‍ തോട്ടില്‍ നിന്നും കുമരകത്തിനും ആലപ്പുഴയ്ക്കുമൊക്കെ ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു. വീണ്ടും ആ കാലത്തിനായി, അതിരമ്പുഴയുടെ വികസനം ലക്ഷ്യമാക്കി, കുമരകത്തു നിന്നും ബോട്ടില്‍ സഞ്ചാരികള്‍ എത്തും എന്ന് വിളംബരം നടത്തികൊണ്ടായിരുന്നു കഴിഞ്ഞ നവംബറില്‍  പദ്ധതി ഉദ്ഘാടനം ചെയ്തത്. 


കുമരകത്തു നിന്നും പെണ്ണാര്‍തോട്ടിലൂടെ അതിരമ്പുഴയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അതിരമ്പുഴയില്‍ വിശ്രമ കേന്ദ്രം ഒരുക്കുകയും ചെയ്തു. പക്ഷെ ഈ ഓഫീസ് കെട്ടിടമാകട്ടെ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. ജലമാര്‍ഗം അതിരമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇവിടെ നിന്നും റോഡ് മാര്‍ഗം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തുടരാനും മറ്റും സഹായമൊരുക്കുന്ന രീതിയില്‍ അതിരമ്പുഴ ചന്തക്കടവിലെ ബോട്ട്‌ജെട്ടിക്ക് സമീപത്താണ് ഓഫീസ് ഒരുക്കിയത്. 


പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മാപ്പില്‍ അതിരമ്പുഴക്ക് പ്രമുഖസ്ഥാനം ലഭിക്കുമെന്നും അതിരമ്പുഴയുടെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുമെന്നും കരുതിയ നാട്ടുകാര്‍ ഇപ്പോള്‍ നിരാശയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം ആകാറായിട്ടും പദ്ധതിയുടെ ഭാഗമായി ഒരു ചെറുവള്ളം പോലും അതിരമ്പുഴയില്‍ എത്തിയില്ല. മാന്നാനം, ലിസ്യു പാലങ്ങളുടെ ഭാഗത്തും അതിരമ്പുഴ ചന്തയ്ക്കു സമീപവും പെണ്ണാര്‍ തോടിന്റെ ആഴം വര്‍ദ്ധിപ്പിച്ചാലേ കുമരകത്ത് നിന്ന് ബോട്ട് വരാനാവൂ. ചങ്ങനാശേരി - ആലപ്പുഴ - കോട്ടയം - വൈക്കം വഴിയുള്ള ദേശീയ ജലപാതയില്‍ അതിരമ്പുഴയേയും ഉള്‍പ്പെടുത്തി പെണ്ണാര്‍ തോട്ടിലെ രണ്ട് പാലങ്ങള്‍ പൊളിച്ചു പണിയാന്‍ പദ്ധതിയുണ്ടായിരുന്നു. 


പക്ഷെ ഒരു വശത്ത് പെണ്ണാര്‍ തോടും ചന്തക്കുളവും തങ്ങളുടെ സ്വകാര്യ അഹങ്കാരമായി ചിത്രീകരിക്കുന്ന അതിരമ്പുഴയിലെ വ്യാപാരികള്‍ തന്നെ രാത്രിയുടെ മറവില്‍ ഈ ജലസ്‌ത്രോതസുകളുടെ നാശത്തിന് വഴിതുറക്കുകയാണ്.  അതിരമ്പുഴയിലേയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നിന്നും വ്യാപാരവ്യവസായശാലകളില്‍ നിന്നുമുള്ള മാലിന്യം കൊണ്ടു തള്ളാനുള്ള ഇടമായി മാറി പെണ്ണാര്‍തോട്. കുമരകത്തിനും അതിരമ്പുഴയ്ക്കും ഇടയ്ക്കുള്ള പാലങ്ങള്‍ക്ക് ചുവട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ അടിഞ്ഞ് കെട്ടികിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കുമെന്ന് സമീപവാസികള്‍ ഭയപ്പെടുന്നു.




Share this News Now:
  • Google+
Like(s): 106