09 September, 2018 01:11:11 PM


മറ്റൊരു 'അഭയ' കൂടി; പത്തനാപുരത്ത് അധ്യാപികയായ കന്യാസ്ത്രീ കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയില്‍

പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്




കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ സൂസന്‍റെ മൃതദേഹമാണ് പത്തനാപുരം മൗണ്ട് താബൂർ ദയറാ കോൺവെന്‍റിലെ കിണറ്റില്‍ കണ്ടെത്തിയത്. രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്.


കന്യാസ്ത്രീയുടെ മുറിയിലും കിണറിന്‍റെ തൂണിലും ചോരപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലായിരുന്നു. മുറിച്ച മുടി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 25 വര്‍ഷമായി ഈ സ്കൂളില്‍ അധ്യാപികയായ കന്യാസ്ത്രീ കൊല്ലം കല്ലട സ്വദേശിയാണ്. ഒരാഴ്ചയായി അവധിയിലായിരുന്നു. വെള്ളിയാഴ്ചയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.


പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു  മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്‍കുന്ന സൂചന. കോണ്‍വെന്‍റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 223