09 September, 2018 10:33:15 AM


മോഷണം പോയത് 50000 രൂപയെന്ന് ബിജെപി എംപി; മോഷ്ടിച്ചത് 1.14 കോടിയെന്ന് കള്ളന്‍

പൊലീസിനു പിന്നാലെ ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു



പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും എംപിയുമായ ഗിരിരാജ് സിംഗിന്‍റെ വീട്ടില്‍ മോഷണം നടന്നെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സിംഗിന്‍റെ ബോ‍ഡി ഗാര്‍ഡും അപ്പാര്‍ട്ടമെന്‍റിലെ സെക്യൂരിറ്റി ഗാര്‍ഡും വീട്ടുജോലി ക്കാരനും ഇവരില്‍ ഉള്‍പ്പെടുന്നു. ബിജെപി എംപിയുടെ വീട്ടില്‍ നിന്നും തങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ പറയുന്ന  1.14 കോടി രൂപ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. 


ഇതിന് പുറമെ 600 യുഎസ് ഡോളര്‍, രണ്ട് സ്വര്‍ണ മാല, സ്വര്‍ണ കമ്മലുകള്‍, സ്വര്‍ണ ലോക്കറ്റ്, 14 വെള്ളി നാണയങ്ങള്‍, ഏഴ് ആഡംബര വാച്ചുകള്‍ എന്നിവയും മോഷ്ടാക്കളില്‍നിന്ന് പൊലീസ് പിടികൂടി. എല്ലാം വെസ്റ്റ് പാറ്റ്നയിലെ എംപിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ 50000 രൂപയും കുറച്ച് ആഭരണങ്ങളും മോഷണം പോയെന്നായിരുന്നു എം പി പൊലീസിനെ അറിയിച്ചിരുന്നത്.


ചൊവ്വാഴ്ചയാണ് മോഷ്ടാക്കളില്‍ ഒരാളായ ദിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി വരെയും എംപിയോ കുടുംബാംഗങ്ങളോ പൊലീസുമായി ബന്ധപ്പെട്ടില്ല. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ പിടച്ചെടുത്ത മോഷണമുതല്‍ തന്‍റേതാണെന്ന് സിംഗ് പറയുന്നത് വരെയും അത് അദ്ദേഹത്തിന്‍റേതാണെന്ന് കരുതാനാകില്ല. ആ വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുന്നതിലേക്ക് അന്വേഷണം നീങ്ങണമെന്നും സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞു. അതേസമയം ആദായ നികുതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Google+
Like(s): 85