08 September, 2018 10:00:02 PM


അപകടത്തില്‍ ദുരൂഹതയെന്ന് ഹനാന്‍; ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്‌

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പരാതി നല്‍കാനിരിക്കുകയായിരുന്നു ഹനാന്‍കൊച്ചി: താന്‍ സഞ്ചരിച്ച വാഹനം അപടത്തില്‍പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നട്ടെല്ലിന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍. അപകടം മനഃപൂര്‍വം വരുത്തിയതാണെന്ന് സംശയിക്കുന്നതായും സംഭവം നടന്നയുടന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ഒരു പരുക്കും കൂടാതെ ഇറങ്ങുകയായിരുന്നു എന്നും ഹനാന്‍. ആശുപത്രിയിലെത്തിയപ്പോള്‍ ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നു. താന്‍ അയാളുടെ ബന്ധുവാണെന്നും യാത്രയില്‍ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെന്നും അയാള്‍ പറഞ്ഞതായി ഹനാന്‍ പറയുന്നു. എന്നാല്‍ യാത്രയുടെ തുടക്കം മുതല്‍ തന്നെ തന്നെ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.


ഇക്കഴിഞ്ഞ രണ്ടിന് വൈകിട്ട് ആറു മണിക്കാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കോഴിക്കോടു നിന്നും ഹനാന്‍ കാറില്‍ യാത്ര പുറപ്പെട്ടത്. ഇവന്‍റ് മാനേജ്‌മെന്‍റ് നടത്തുന്ന സുഹൃത്തിന്‍റെതായിരുന്നു വാഹനം. സുഹൃത്ത് തന്നെയാണ് അവരുടെ അകന്ന ബന്ധുവിനെ ഡ്രൈവറായി ഏര്‍പ്പാടാക്കിയതത്രേ. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു സ്ഥലത്ത് നിര്‍ത്തി ഭക്ഷണം കഴിച്ചു. നല്ല ക്ഷീണിതയായിരുന്ന താന്‍ തുടര്‍ന്ന് ഉറക്കത്തിലായി. കാര്‍ പോസ്റ്റിലിടിച്ച് നില്‍ക്കുമ്പോഴാണ് ഉണരുന്നത്. വാഹനം പോസ്റ്റിലിടിച്ച് നിര്‍ത്തുന്നതു പോലെയാണ് തോന്നിയത്.


സാധാരണ ഗതിയില്‍ കോഴിക്കോടു നിന്ന് അഞ്ചു മണിക്കൂറിനുള്ളില്‍ എറണാകുളത്തെത്തുന്നതാണ്. എന്നാല്‍ യാത്ര പുറപ്പെട്ട് ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടാണ് കൊടുങ്ങല്ലൂരെത്തിയത്. ഇക്കാര്യം ഡ്രൈവറോട് ചോദിച്ചപ്പോള്‍ താന്‍ ഇടക്ക് വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നുവെന്നാണ് മറുപടി ലഭിച്ചത്. വാഹനം ഇടക്ക് നിര്‍ത്തിയാല്‍ ഉറക്കത്തില്‍ താന്‍ അറിയുമെന്നും ഡ്രൈവര്‍ ഇടയ്ക്ക് ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നെന്നും തനിക്ക് പരിചയമില്ലാത്ത വഴിയിലൂടെ ഏറെ നേരം സഞ്ചരിച്ചതായി തോന്നിയെന്നും ഹനാന്‍ പറയുന്നു. ആരും വട്ടം ചാടുന്നതായും ശ്രദ്ധയില്‍പെട്ടില്ല. 


സംഭവം നടന്നയുടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. ഇവര്‍ എങ്ങനെയെത്തിയെന്ന് അറിയില്ല. തന്‍റെ സമ്മതം കൂടാതെ ഇവര്‍ ലൈവ് നല്‍കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞത് ലൈവ് നല്‍കാന്‍ താന്‍ പറഞ്ഞുവെന്നാണ്. ഈ വിവരങ്ങളെല്ലാം താന്‍ ആശുപത്രി അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും പൊലിസില്‍ ഉടന്‍ പരാതി നല്‍കുമെന്നും ഹനാന്‍ പറഞ്ഞു.


ഹനാന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രധാനമന്ത്രിക്കെതിരെ വന്ന പോസ്റ്റ് വിവാദമായിരുന്നു. ആരോ തന്‍റെ പേരില്‍ ഈ പോസ്റ്റ്  പേജില്‍ ഇട്ടത് തന്‍റെ അറിവോടെയല്ലെന്ന് ഹനാന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പരാതി കൊച്ചിയിലെത്തി പോലീസ് കമ്മീഷണര്‍ക്ക് നല്‍കാനിരിക്കുകയായിരുന്നു ഹനാന്‍. കോഴിക്കോട് നിന്നും കൊച്ചിയില്‍ എത്തിയ ഉടന്‍ കമ്മിഷണറെ കണ്ട് പരാതി നല്‍കണമെന്ന വിവരം കാര്‍ ഡ്രൈവറോട് ഹനാന്‍ പറഞ്ഞിരുന്നുവത്രേ.


അതേ സമയം നട്ടെല്ലിന് സാരമായി പരുക്കേറ്റ ഹനാന്‍ ശസ്ത്രക്രിയയ്ക്കു ശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. ഹനാന്‍ മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിയതു മുതല്‍ ഗായിക പ്രിയ സുമേഷ് ആയിരുന്നു കൂട്ട്. മൂന്ന് ദിവസം മുമ്പ് ഹനാന്‍റെ പിതാവ് ഹമീദ് എത്തിയ ശേഷമാണ് പ്രിയ ആശുപത്രിയില്‍ നിന്നും പോയത്. ഇതിനിടെ ഹനാന് കൂട്ടിരിക്കാന്‍ പെണ്‍കുട്ടിയെ / സ്ത്രീയെ ആവശ്യമുണ്ടെന്ന് കാട്ടി ഒരു യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും ചര്‍ച്ചയായിരുന്നു.


മംഗലാപുരത്തായിരുന്ന പിതാവ് എത്തിയതില്‍ ഏറെ സന്തോഷത്തിലാണ് ഹനാന്‍. ഇപ്പോള്‍ ആരുമില്ലെന്ന തോന്നലില്ലെന്നും സുഖം പ്രാപിച്ചതിനു ശേഷം പിതാവിനൊപ്പം താന്‍ വീട്ടിലേക്ക് പോകുമെന്നും ഹനാന്‍ പറഞ്ഞു. ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിന്നാലെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റാരില്‍ നിന്നും പണമൊന്നും സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.Share this News Now:
  • Google+
Like(s): 434