08 September, 2018 09:03:18 PM


ദുരിതത്തിന് നടുവില്‍ സ്‌നേഹത്തണലേകി കോളേജ് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പ്

ആലപ്പുഴ, കൈനകരി മേഖലകളിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും മാതൃക കാട്ടിയത്




ആലപ്പുഴ: ദുരിതത്തിന് നടുവില്‍ ഒത്തിരിപ്പേര്‍ക്ക് ആശ്വാസം നല്‍കി സ്‌നേഹത്തണല്‍. മൂലമറ്റം സെന്‍റ് ജോസഫ്‌സ് കോളേജിലെ മുപ്പതോളം എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഒരാഴ്ചയായി ആലപ്പുഴ, കൈനകരി മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് മാതൃക കാട്ടിയത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ 'സ്‌നേഹത്തണല്‍-18' എന്ന സഹവാസ ക്യാമ്പ് സെപ്റ്റംബര്‍ 2 മുതലാണ് സംഘടിപ്പിച്ചത്. 
 
വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്നും മാറി സഹായം ആവശ്യമുള്ളവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഈ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചകൊണ്ട് നാടിന്‍റെ ഹൃദയം കവര്‍ന്നു. മന:ശാസ്ത്ര പ്രാഥമിക ചികില്‍സ, പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍, വായനശാല നവീകരണം, ദുരിതത്തിലായവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യബന്ധന തൊളിലാളികളെ ആദരിയ്ക്കല്‍, അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍. ക്യാമ്പിന്‍റെ സമാപനദിനം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ശിശുക്ഷേമസമിതിയുടെ ഓഫീസില്‍ വച്ച് ആദരിച്ചു. ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു.
 
ജില്ല ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ.ജലജ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി മാത്യു കണമല, അധ്യാപകരായ ഫാ.ലിജോ കൊച്ചു വീട്ടില്‍, ശിശുക്ഷേമ സമിതിയംഗങ്ങളായ എന്‍.പവിത്രന്‍, കെ.നാസര്‍ വിദ്യാര്‍ത്ഥി കോഓര്‍ഡിനേറ്റര്‍ ശീതള്‍ റ്റോം തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Share this News Now:
  • Google+
Like(s): 160