08 September, 2018 08:45:22 PM


പ്രകൃതിയ്ക്ക് വിധേയമായി മത്സ്യമേഖല മുന്നോട്ടു പോകണം - മന്ത്രി മേഴ്സിക്കുട്ടിയമ്മ

അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സ്വാശ്രയ ഗ്രൂപ്പുകൾ





കോട്ടയം: പ്രകൃതിക്ക് വിധേയമായും പരിസ്ഥിതിയെ സംരക്ഷിച്ചും മത്സ്യമേഖല മുന്നോട്ടു പോകണമെന്ന് ഫിഷറീസ് തുറമുഖ കശുവണ്ടി വികസന വകുപ്പു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോട്ടയം ജില്ലയിലെ വനിതാ മത്സ്യവിപണന തൊഴിലാളികള്‍ക്കുളള പലിശരഹിത വായ്പാ വിതരണത്തിന്‍റെ ഉദ്ഘാടനം വൈക്കത്ത് നിർവ്വഹിക്കുകയായിരുന്നു  അവർ. പ്രളയത്തിൽ വൻ നാശനഷ്ടമാണ് മത്സ്യ മേഖലയിൽ ഉണ്ടായിട്ടുള്ളത്‌. ശുദ്ധജല മത്സൃങ്ങൾ കുഞ്ഞുങ്ങൾ ഉൾപ്പെടെ വൻ തോതിൽ ഒഴുകി പോയിരിക്കുകയാണ്.


മത്സ്യങ്ങളുടെ പ്രജനനം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകണം'' മത്സ്യസമ്പത്തിൽ ഉണ്ടായിട്ടുള്ള നഷ്ടം വീണ്ടെടുക്കുന്നതിന് ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിക്കും'' ഉൾനാടൻ മത്സ്യ മേഖലയിലെ തൊഴിലിലേക്ക് മത്സ്യ തൊഴിലാളികൾ കടന്നു വരണം.പുഴകളിലെ മത്സ്യ ബന്ധനത്തിനും വിപണനത്തിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും തീരദേശത്ത് കൂടു കൃഷി ക്ക് മത്സ്യ സംഘങ്ങൾ മുഖേന കൂടുതൽ  പ്രോത്സാഹനം  നൽകുമെന്നും മന്ത്രി പറഞ്ഞു.


പ്രളയക്കെടുതിയിൽ നേരേകടവ് ഭാഗത്ത് നഷ്ടപ്പെട്ട ഊന്നു കുറ്റികൾ പുന:സ്ഥാപിക്കുന്നതിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലാത്തവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ അനുവാദവും സഹായവും നൽകണമെന്നും ഊന്നു കുറ്റി സ്ഥാപിക്കുന്നതിനുള്ള ലൈസൻസ് ഫീസിൽ ഇളവ് നൽകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സി. കെ ആശ എം എൽ എ. പറഞ്ഞു.


മറവന്‍തുരുത്ത് ഉദയനാപുരം, ചെമ്പ്, കൊതവറ. ടി. വി, പുരം, വൈക്കം ടൗണ്‍, നീണ്ടൂര്‍ തുടങ്ങിയ വനിതാ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ 950 അംഗങ്ങള്‍ക്കായി 1.90 കോടി രൂപയുടെ വായ്പ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പ്രവർത്തന മികവ് പുലർത്തിയ സംഘങ്ങൾക്കും സ്വാശ്രയ ഗ്രൂപ്പുകൾക്കും മുന്തി അവാർഡ് സമ്മാനിച്ചു. അവാർഡായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി  സ്വാശ്രയ ഗ്രൂപ്പുകൾ മന്ത്രിയ്ക്ക് കൈമാറി


Share this News Now:
  • Google+
Like(s): 52