08 September, 2018 08:38:42 PM


പ്രതിരോധ സന്ദേശം പകരാന്‍ ഡോക്സിസൈക്ലിന്‍ കഴിച്ച് കൊല്ലം ജില്ലാ കളക്ടര്‍

പ്രതിരോധ മരുന്ന് കഴിക്കേണ്ടതിന്‍റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കളക്ടര്‍




കൊല്ലം: എലിപ്പനി പ്രതിരോധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയനും ഡോക്സി സൈക്ലിന്‍ ഗുളിക കഴിച്ചു. കളക്ട്രേറ്റില്‍ രോഗപ്രതിരോധ ബോധവത്കരണത്തിനുള്ള ഡോക്സി വാഗണിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് അദ്ദേഹവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഗുളിക കഴിച്ചത്.

 
പ്രതിരോധ മരുന്ന് കഴിക്കേണ്ടതിന്‍റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കളക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സന്ദേശ വാഹകരായി മാറണം. വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മരുന്നു കഴിക്കണം. മറ്റുള്ളവരെ കഴിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്സിസൈക്ലിന്‍. ശരീരവേദനയോടു കൂടിയ ഏതു പനിക്കും നിര്‍ബന്ധമായി ചികിത്സ തേടണമെന്നും അ്‌ദ്ദേഹം പറഞ്ഞു. 

 
പകര്‍ച്ചരോഗ വ്യാപനം തടയുന്നതിന് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നതെന്നും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ആര്‍.സന്ധ്യ, ഡോ.ജെ.മണികണ്ഠന്‍, ഡോ.ജയശങ്കര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി എന്നിവര്‍  പങ്കെടുത്തു. 



Share this News Now:
  • Google+
Like(s): 149