08 September, 2018 07:13:53 PM


പെഡല്‍ ബോട്ടിംഗ്: നിലവിലില്ലാത്ത നമ്പരുമായി ഡിടിപിസിയുടെ പത്രക്കുറിപ്പ്

ജില്ലയിലെ ടൂറിസം മേഖല സജീവമായതായി ഡിറ്റിപിസി സെക്രട്ടറി




കോട്ടയം: പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡിറ്റിപിസി കുമരകം കവണാറ്റിന്‍കരയില്‍ പെഡല്‍ ബോട്ടിംഗ് സൗകര്യമൊരുക്കി. പെഡല്‍ ബോട്ട് ബുക്കിംഗിന് വിനോദസഞ്ചാരികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് കാട്ടി ഡിറ്റിപിസി ഇറക്കിയ പത്രക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ടെലിഫോണ്‍ നമ്പരാകട്ടെ നിലവിലില്ലാത്തതും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേന ആയിരുന്നു പത്രക്കുറിപ്പ് ഇറക്കിയത്. 

കവണാറ്റിന്‍കരയില്‍ ഡിറ്റിപിസിയുടെ പെഡല്‍ ബോട്ടിംഗ് ആദ്യദിവസമായ ശനിയാഴ്ച സൗജന്യമായിരുന്നു. ഞായറാഴ്ച മുതല്‍ ബോട്ടിംഗിനെത്തുന്നവര്‍ക്ക് കോടിമതയിലുള്ള ഡിറ്റിപിസി ഓഫീസില്‍ 0481 2560479 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യാം എന്നറിയിച്ചുകൊണ്ട്  ഡിറ്റിപിസി പത്രക്കുറിപ്പും ഇറക്കി. എന്നാല്‍ പത്രം ഓഫീസുകളില്‍ അറിയിപ്പ് കിട്ടിയ പിന്നാലെ വിശദവിവരങ്ങള്‍ക്കായി വിളിച്ചപ്പോള്‍ 'ഈ ടെലിഫോണ്‍ നമ്പര്‍ താത്ക്കാലികമായി ഉപയോഗത്തിലില്ലാത്തതാണ്' എന്നായിരുന്നു മറുപടി. 

കുമരകത്ത് ആദ്യമായാണ് ഡിറ്റിപിസി പെഡല്‍ ബോട്ട് സൗകര്യമൊരുക്കുന്നത്. ഇതിന്‍റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹന്‍ നിര്‍വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  എ.പി സലിമോന്‍ അധ്യക്ഷത വഹിച്ചു. ഡിറ്റിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കല്‍കല്ല്, അരുവിക്കുഴി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്‍റര്‍ എന്നിവിടങ്ങളിലും വിനോദസഞ്ചാരികളെത്തിത്തുടങ്ങി. ജില്ലയിലെ ടൂറിസം മേഖല സജീവമായതായി ഡിറ്റിപിസി സെക്രട്ടറി ഡോ. ബിന്ദു നായര്‍ അറിയിച്ചു.




Share this News Now:
  • Google+
Like(s): 62