07 September, 2018 08:34:53 PM


'ഒന്നിന് ഒന്ന് ഫ്രീ': പ്രമുഖ കമ്പനിയുടെ ഈന്തപ്പഴം കഴിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം

സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍




ഏറ്റുമാനൂര്‍: പ്രമുഖ കമ്പനിയുടെ 'ഒന്നിന് ഒന്ന്' സൗജന്യമായി വിറ്റുവന്ന ഈന്തപ്പഴം കഴിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം. ഈന്തപ്പഴവുമായി യുവാവ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി. 2018 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പായ്ക്ക് ചെയ്ത ഈന്തപ്പഴമാണിത്.   

ഏറ്റുമാനൂര്‍ ഇടയാറ്റുപറമ്പില്‍ മോഹനന്‍ ആണ് പരാതിക്കാരന്‍. ഏറ്റുമാനൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ലയണ്‍ അറേബ്യന്‍ ഡേറ്റ്സ് കഴിച്ചാണ് മോഹനന് വയറിളക്കവും അസ്വസ്ഥതയും ഉണ്ടായത്. 250 ഗ്രാം പായ്ക്കറ്റ് ഈന്തപ്പഴത്തിന് 100 രൂപയാണ് വില. ഒരു പായ്ക്കറ്റ് വാങ്ങുമ്പോള്‍ ഇതേ തൂക്കത്തിലുള്ള മറ്റൊരു പായ്ക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. ഫലത്തില്‍ 250 ഗ്രാമിന് 50 രൂപാ വില. 

കടയില്‍ നിന്നും വീട്ടിലെത്തി ഈന്തപ്പഴം വായിലിട്ടപ്പോഴേ ഒരു രുചിവ്യത്യാസം അനുഭവപ്പെട്ടു. എന്തോ രാസ പദാര്‍ത്ഥത്തിന്‍റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം കടയില്‍ തിരിച്ചെത്തി പൊട്ടിക്കാത്ത പായ്ക്കറ്റ് തിരികെ നല്‍കി കാര്യം പറഞ്ഞു. പകരം വാങ്ങിയ പായ്ക്കറ്റ് കടയില്‍ വെച്ചു തന്നെ പൊട്ടിച്ചു പരിശോധിച്ചു. അതും ഇതേ സ്വഭാവത്തിലുള്ളതാണെന്ന് കടയുടമയ്ക്കും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വില തിരികെ നല്‍കിയെന്നും മോഹനന്‍ പറയുന്നു. 

നിറം മങ്ങി പുറമെ പ്ലാസ്റ്റിക് കവറിംഗ് ഉള്ളതുപോലാണ് ഈന്തപ്പഴങ്ങളില്‍ തൊടുമ്പോള്‍ അനുഭവപ്പെടുന്നത്. വിവരമറിഞ്ഞ കമ്പനി പ്രതിനിധികള്‍ മോഹനനെ നേരിട്ട് കാണാന്‍ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ച സാമ്പിള്‍ തിരുവനന്തപുരത്ത് ലാബില്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അലക്സ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 628