06 September, 2018 02:45:30 PM


തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രി

നടപടി കാലാവധി തികയും മുമ്പ്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിന്




ഹൈദരാബാദ്: കാലാവധി തികയുന്നതിന് മുമ്പ്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐകകണ്‌ഠ്യേന പാസാക്കി. ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ നേരില്‍ കണ്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു. മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു. ഇതോടെ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, സര്‍ക്കാരിന്‍റെ മുഖ്യോപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. നര്‍സിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യുലു തുടങ്ങിയവര്‍ ബുധനാഴ്ച ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
 
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.) പദ്ധതിയിടുന്നത്. ഗവര്‍ണര്‍ സഭ പിരിച്ചു വിട്ടാല്‍ പന്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോര്‍ട്ടിലാകും.

അനുകൂലതീരുമാനമാണ് ചന്ദ്രശേഖര്‍ റാവു പ്രതീക്ഷിക്കുന്നത്. നിയമസഭ പിരിച്ചുവിടുന്ന തിരുമാനത്തിന് മുമ്പായി റാവു ബുധനാഴ്ച സംസ്ഥാന ജീവനക്കാരുടെ അസോസിയേഷന്‍ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് തൃപ്തികരമായ രീതിയില്‍ ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.



Share this News Now:
  • Google+
Like(s): 123