06 September, 2018 02:16:52 PM


ഏറ്റുമാനൂര്‍ ഇരുട്ടില്‍; വഴിവിളക്കുകള്‍ കത്തിക്കുന്നതില്‍ നഗരസഭ പരാജയം

നഗരസഭയിലെ അഴിമതികളും മറ്റും വാര്‍ത്തയാക്കുന്നതിൽ വിലക്കുമായി കൗൺസിലർമാർ
ഏറ്റുമാനൂര്‍: നഗരസഭയിലെ നിരത്തുകളില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കേടായ വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായാണ് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങള്‍ ഒന്നടങ്കം പരാതിപ്പെട്ടത്.

മുമ്പ് ഓരോ വാര്‍ഡിലും കേടാകുന്ന വിളക്കുകള്‍ അതത് കൗണ്‍സിലര്‍മാര്‍ തന്നെ മുന്‍കൈയെടുത്ത് മാറ്റി സ്ഥാപിക്കുകയും ഇതിന്‍റെ പണം നഗരസഭയില്‍ നിന്ന് എഴുതി എടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇത് വന്‍ തോതില്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മേഖല തിരിച്ച് കരാര്‍ ഏല്‍പ്പിച്ചു. ഇത് കൂനിന്മേല്‍ കുരുവെന്ന പോലെയായി. നഗരസഭാ പ്രദേശങ്ങള്‍ മൊത്തത്തോടെ ഇരുട്ടില്‍ തപ്പിതടയുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്.

ഒമ്പത് വാര്‍ഡുകളടങ്ങുന്ന നാല് സോണുകളായി തിരിച്ചായിരുന്നു വഴിവിളക്കിന്‍റെ പണികള്‍ കരാര്‍ ഏല്‍പ്പിച്ചത്. ഒരു വഴിവിളക്ക് മാറ്റിയിടുന്നതിന് 150 രൂപാ നിരക്കില്‍ ഒരു മേഖലയ്ക്ക് ആകെ 50000 രൂപാ പ്രകാരം 2 ലക്ഷം രൂപയായിരുന്നു കരാര്‍ തുക. 2018 സെപ്തംബര്‍ 30 വരെ ആറ് മാസക്കാലത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഈ തുക ഒരു തവണ പോലും വിളക്ക് മാറ്റിയിടാന്‍ തികയില്ലായെന്നായിരുന്നു പ്രധാന പരാതി.

ആറ് മാസം തികയാറായിട്ടും ഇതുവരെ ഒരു ബള്‍ബ് പോലും മാറ്റിയിടാത്ത വാര്‍ഡുകളും ഏറ്റുമാനൂരിലുണ്ട്. കരാര്‍കാരനെ വിളിച്ചാല്‍ വരില്ലെന്നായിരുന്നു അംഗങ്ങള്‍ കഴിഞ്ഞ കൗണ്‍സിലില്‍ പറഞ്ഞത്. കരാര്‍ നല്‍കിയതിലെ പിഴവാണ് ഇതിന് കാരണമെന്ന് ചൂണ്ടികാട്ടിയ മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ നാല് സോണിലും വ്യത്യസ്ത കരാറുകാരെയോ ജോലിക്കാരെയോ ഏല്‍പ്പിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 35 വാര്‍ഡിലും ഒരാള്‍ തന്നെ പണികള്‍ നടത്തുന്നതാണ് ഈ കാലതാമസത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്.

പണികള്‍ നടത്തിയതിന്‍റെ തുക പാസാക്കി കൊടുക്കാത്തതാണ് കരാര്‍കാരന്‍ വഴിവിളക്കിന്‍റെ ജോലികള്‍ ചെയ്യാന്‍ എത്താത്തതിന് കാരണമായി ചില അംഗങ്ങള്‍  പറഞ്ഞത്.  രണ്ട് മാസമായി നഗരസഭയില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഇല്ലാത്തതിനാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വാദം. എന്നാല്‍ ആദ്യ സോണിന്‍റെ കരാര്‍ തുകയായ 50000 രൂപ നല്‍കുകയും ചെയ്തു. നഗരസഭാ പരിധിയില്‍ എല്‍ഈ ഡി വിളക്കുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതി ആരോപണം നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. 

പത്രപ്രവര്‍ത്തകര്‍ക്കുനേരെ കൗണ്‍സിലര്‍മാര്‍


നഗരസഭയിലെ അഴിമതികഥകള്‍ ഒന്നൊന്നായി പുറത്തുവരുന്ന രീതിയില്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിനെ ചോദ്യം ചെയ്ത് ഒരു സംഘം കൗണ്‍സിലര്‍മാര്‍ ഇതിനിടെ രംഗത്തെത്തി. സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കുറിച്ച് നിരന്തരമായി വാര്‍ത്തകള്‍ വന്നാല്‍ നഗരസഭയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ ഭീഷണി നിറഞ്ഞ സ്വരത്തില്‍ വൈസ് ചെയര്‍ പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് വിരട്ടിയത്. 

പത്രപ്രവര്‍ത്തകര്‍ പക്ഷം പിടിച്ച് വാര്‍ത്ത എഴുതുന്നുവെന്നും ചെയര്‍മാന്‍ ഒപ്പിട്ട് നല്‍കുന്ന വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവു എന്നുമായിരുന്നു മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞത്. എന്നാല്‍ തെറ്റായ പത്രപ്രസ്താവന നല്‍കി ജനങ്ങളെയും പത്രത്തേയും കബളിപ്പിച്ച നഗരസഭാ അധികൃതരുടെ നടപടിയെ പറ്റി ചോദിച്ചപ്പോള്‍ ഇവര്‍ മൗനം പാലിക്കുകയായിരുന്നു. സംഭവത്തില്‍ തങ്ങളുടെ പ്രതിഷേധം പത്രപ്രവര്‍ത്തകര്‍ ചെയര്‍മാനെ നേരിട്ടറിയിച്ചു. ഇതേ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ പത്രസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്ന് ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേല്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.Share this News Now:
  • Google+
Like(s): 973