06 September, 2018 11:11:28 AM


വാഹനാപകടത്തില്‍പെട്ട ഹനാന് പിന്നാലെ സമൂഹമാധ്യമങ്ങള്‍; വീഡിയോ എടുക്കാന്‍ വീണ്ടും ശ്രമം

ഹനാനെ പരിചരിക്കാന്‍ സ്ത്രീയെ വേണമെന്നും പോസ്റ്റ്



കൊച്ചി: വാഹനാപകടത്തില്‍പെട്ട ഹനാനെ പിന്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍. ഹനാനെ ആദ്യം പ്രവേശിപ്പിച്ച കൊടുങ്ങല്ലൂരിലെ ആശുപത്രിയ്ക്കു പിന്നാലെ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളത്തെ ആശുപത്രിയിലെത്തിയും വീഡിയോ എടുക്കാനുള്ള ശ്രമം നടന്നു. പക്ഷെ പരാജയപെട്ടു. ഇതിനിടെ ഹനാനെ പരിചരിക്കാന്‍ പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ചിലര്‍. ആകെ കൂടി നാടകീയ സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹനാനെ ചുറ്റിപറ്റി നടക്കുന്നത്.


കോഴിക്കോട് നിന്നും വരികയായിരുന്ന ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ 3നാണ് കൊടുങ്ങല്ലൂരിന് സമീപം അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ സെക്യൂരിറ്റി ജീവനക്കാരെ തള്ളി മാറ്റി ഐസിയുവിനകത്ത് കടന്ന യുവാവ് ലൈവ് വീഡിയോ എടുത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കവെയാണ് ഇന്നലെ ഇയാള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിയത്. എന്നാൽ ഇയാൾക്ക് ആശുപത്രിയ്ക്കുള്ളിൽ പ്രവേശിച്ച് തന്റെ ശ്രമം വിജയകരമാക്കാനായില്ല. .


ഇതിനിടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ പരിചരിക്കാന്‍ ഒരു പെണ്‍കുട്ടിയെ / സ്ത്രീയെ ആവശ്യമുണ്ടെന്നും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും കാട്ടി സിന്‍സി അനില്‍ എന്ന വ്യക്തി  ഫോൺ നമ്പർ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. എന്നാല്‍ ഹനാന് അപകടം സംഭവിച്ചത് അറിഞ്ഞ് എത്തിയ ഗായിക പ്രിയ മുഴുവന്‍ സമയ പരിചരണവുമായി ആശുപത്രിയിലുള്ളപ്പോഴാണ് ആശുപത്രി അധികൃതരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള ഈ പോസ്റ്റ്. തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ ആശുപത്രി നഴ്‌സ് അല്ലാതെ മറ്റാരും ആവശ്യമില്ലായെന്നും ഹനാന്‍ ആശുപത്രി വിടുന്നത് വരെ പ്രിയ ഇവിടെ ഉണ്ടായിരിക്കുമെന്ന് അറിയിച്ചുട്ടള്ളതായും ആശുപത്രി അധികൃതര്‍ പറയുന്നു. 



തുടര്‍ന്നുള്ള അന്വേഷണത്തില്‍ തനിക്ക് ഹനാനെ നേരിട്ടോ അല്ലാതെയോ അറിയില്ലെന്നും ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അൽ-അസർ കൊളജ്  മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞിട്ടാണ് താന്‍ ഈ പോസ്റ്റ് ഇട്ടതെന്നും സിന്‍സി അനില്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഹനാന്‍റെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും വഹിക്കുന്നത് കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബിജാസ് ആണെന്നും അവര്‍ വെളിപ്പെടുത്തി. ഹനാന് അപകടം സംഭവിച്ച പിന്നാലെ ആശുപത്രിയില്‍ എത്തിയ കോളേജ് അധികൃതര്‍ ഒരു ലക്ഷം രൂപാ ആശുപത്രിയില്‍ അടച്ചിരുന്നുവത്രേ. എന്നാല്‍ ഹനാന്‍റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റിരിക്കെ ആരോടും ഒരു തുകയും വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആശുപത്രി അധികൃതര്‍.


ഹനാനെ ഗായിക പ്രിയ പരിചയപ്പെട്ടിട്ട് അധികമായില്ല. പാവപ്പെട്ട രോഗികള്‍ക്കായി തെരുവില്‍ പാട്ട് പാടി പ്രശസ്തയായ പ്രിയ പ്രളയത്തിനു ശേഷം പരിപാടികള്‍ക്ക് പോയിട്ടില്ല. ഇതിനിടെ ഹനാന്‍റെ പേരില്‍ പ്രചരിച്ച പോസ്റ്റിനെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കാന്‍ ഇരുവരും കൂടി പോകാന്‍ തീരുമാനിച്ച പിന്നാലെയാണ് അപകടമുണ്ടാകുന്നത്. അപകടവിവരം അറിഞ്ഞ് മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിയ പ്രിയ ഹനാന് കൂട്ടായി ആശുപത്രിയില്‍ കൂടുകയായിരുന്നു.


പ്രിയ പരിചരണത്തിന് ഉള്ളപ്പോഴാണ് വീണ്ടും ഒരാളെ ശുശ്രൂഷയ്ക്ക് വേണമെന്ന ആവശ്യവുമായുള്ള ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ആരുടെ കൂടെ പോകണമെന്നും ആര് തന്നെ പരിചരിക്കണെന്നും തീരുമാനിക്കേണ്ടത് ഹനാന്‍ ആണ്. ഇതിനിടെ അവര്‍ പോലും അറിയാതെ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്ക് പിന്നിലെ നിഗൂജതയാണ് ഏവരും ചോദ്യം ചെയ്യുന്നത്.  




Share this News Now:
  • Google+
Like(s): 526