06 September, 2018 09:23:22 AM


മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും ആക്രമിച്ചത് ഇതരസംസ്ഥാനക്കാരെന്ന് സംശയം

അക്രമികള്‍ വന്നതെന്ന് കരുതുന്ന ടാറ്റ ഇന്‍ഡിക്ക കാറിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു


കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ കയറി ആക്രമിച്ചശേഷം മോഷണം നടത്തിയ സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ട് സി.ഐമാര്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചംഗ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി താഴെചൊവ്വയിലും പരിസരപ്രദേശങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. 



വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും അക്രമികള്‍ തട്ടിയെടുത്തതിനാല്‍ ഈ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ, അക്രമികള്‍ വന്നതെന്ന് കരുതുന്ന ടാറ്റ ഇന്‍ഡിക്ക കാറിന്റെ ദൃശ്യങ്ങളും  സി.സി.ടി.വിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. വീടിന്റെ 100 മീറ്റര്‍ അകലെയുള്ള സി.സി.ടി.വിയില്‍നിന്നാണ് കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അക്രമിസംഘത്തില്‍പ്പെട്ടവര്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസ് സംശയിക്കുന്നു. അഞ്ച് പേരുടെയും ശരീരപ്രകൃതിയും ഉയരക്കുറവുമാണ് ഈ സംശയത്തിനുകാരണം. 


വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും ആയുധധാരികളായ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചവശരാക്കി കെട്ടിയിട്ട ശേഷം വീട്ടില്‍ മോഷണം നടത്തുകയായിരുന്നു. കൈകാലുകളും വായും കെട്ടിയിട്ടതിനാല്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഇരുവര്‍ക്കും പോലീസിനെ വിവരമറിയിക്കാനായത്. സാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.



Share this News Now:
  • Google+
Like(s): 53