05 September, 2018 08:37:07 PM


പ്രളയം: സാധനങ്ങള്‍ മറിച്ചു കൊടുത്തെന്ന് സിപിഎം അംഗം; 18 നൈറ്റി കിട്ടിയെന്ന് ബിജെപി അംഗം

വിവാദചര്‍ച്ചകള്‍ കൗണ്‍സിലില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി
ഏറ്റുമാനൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് നാടുനീളെ പിരിവെടുത്ത് ഏറ്റുമാനൂര്‍ നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കും റിപ്പോര്‍ട്ടും ഇല്ല. പ്രളയം കഴിഞ്ഞ് നടന്ന രണ്ടാമത്തെ കൗണ്‍സിലിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ഏറ്റുമാനൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനായി വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ച സാധനസാമഗ്രികള്‍ ഇവിടെ ആവശ്യക്കാര്‍ക്ക് നല്‍കാതെ വൈക്കത്തും മറ്റും കൊണ്ടുപോയി വിതരണം ചെയ്തതിനെതിരെയും  അംഗങ്ങള്‍ രംഗത്ത് വന്നു.  


സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ പക്ഷം ചേര്‍ന്ന് ബഹളം കൂട്ടിയതോടെ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം അലങ്കോലമായി. പ്രളയം സംബന്ധിച്ച മുഴുവന്‍ വരവ് ചെലവ് കണക്കുകളും കൗണ്‍സിലില്‍ ബോധ്യപ്പെടുത്തണമെന്നതായിരുന്നു അംഗങ്ങളുടെ ആവശ്യം. പ്രളയത്തിന് ശേഷം നടന്ന രണ്ട് യോഗങ്ങളിലും കെടുതികളെ സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. പ്രളയത്തിന്‍റെ വ്യാപ്തിയെ കുറിച്ചും നഗരസഭ കൈകൊണ്ട നടപടികളെ പറ്റിയും മറ്റും സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കാത്തതിനെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ചോദ്യം ചെയ്തു. 


ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ആഗസ്ത് 30ലെ യോഗത്തിലെ തുടര്‍ചര്‍ച്ചകള്‍ക്കായി ഇന്നലെ നടന്ന കൗണ്‍സിലില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.  ഇതിനിടെ നഗരസഭ പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാനായി സമാഹരിച്ച സാധന സാമഗ്രികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൊടുത്തു വിട്ടതിനെതിരെ ഒരു സംഘം കൗണ്‍സിലര്‍മാര്‍ ശബ്ദമുയര്‍ത്തിയത് വാക്കേറ്റത്തില്‍ കലാശിച്ചു. പതിനാലാം വാര്‍ഡ് കൗണ്‍സിലറായ സിപിഎമ്മിലെ മിനിമോള്‍ തന്‍റെ വാര്‍ഡിലെ ഒരു ക്യാമ്പില്‍ ലഭിച്ച സാധനങ്ങളുടെ ലിസ്റ്റും ഉയര്‍ത്തി പിടിച്ചാണ് ആരോപണം ഉന്നയിച്ചത്. 


മിനിമോളുടെ വാര്‍ഡിലേക്കെന്ന് പറഞ്ഞ് നഗരസഭയില്‍ കെട്ടിവെച്ച സാധനങ്ങള്‍ എതിലേ പോയെന്നായി കൗണ്‍സിലര്‍ ബീനാ ഷാജി. ആലോചിച്ച് തീരുമാനമെടുത്ത ശേഷം നല്‍കാമെന്ന് സെക്രട്ടറി പറഞ്ഞതായി റവന്യൂ ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ മിനിമോളുടെ വാര്‍ഡില്‍ സാധനങ്ങള്‍ക്ക് ഒരു കുറവും ഇല്ലായിരുന്നുവെന്നും ആ വാര്‍ഡില്‍ നിന്നും വരുന്ന തന്റെ വീട്ടുജോലിക്കാരിക്ക് മാത്രം 18 നൈറ്റി ലഭിച്ചുവെന്നും ബിജെപി അംഗം ഉഷാ സുരേഷ് പറഞ്ഞത് കലുഷിതമായി നിന്ന യോഗത്തില്‍ ചിരി ഉണര്‍ത്തി.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ തനത് ഫണ്ടില്‍ നിന്ന് 3 ലക്ഷവും കൗണ്‍സിലര്‍മാരുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറിയും ചെയര്‍മാനും ഏതാനും കൗണ്‍സിലര്‍മാരും മറ്റാരുമറിയാതെ പുളിങ്കുന്നിലെത്തി വകുപ്പ് മന്ത്രിക്ക് ചെക്ക് കൈമാറിയതിനെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍ ചോദ്യം ചെയ്തു. അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുക സെക്രട്ടറി നേരിട്ടെത്തി കൈമാറിയത് ശരിയായില്ലെന്നും ചൂണ്ടികാണിക്കപ്പെട്ടു. 


പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിവെടുത്തതും ചെലവാക്കിയതും സുതാര്യമായിരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇവയുടെ കണക്ക് പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസ് പറഞ്ഞു. അതേ സമയം പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നഗരസഭയ്ക്ക് പ്രത്യേകം ഫണ്ട് ഇല്ലെന്നും സംഭാവനയായി ലഭിച്ച സാധന സാമഗ്രികളാണ് പലയിടത്തായി വിതരണം ചെയ്തതെന്നും ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ അറിയിച്ചു. എന്നാല്‍ നഗരസഭയുടെ പേരില്‍ പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ കണക്ക് ഉണ്ടായിരിക്കണം എന്നു തന്നെയായിരുന്നു അംഗങ്ങളുടെ അഭിപ്രായം.Share this News Now:
  • Google+
Like(s): 1598