04 September, 2018 01:01:17 PM


ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമെന്ന്

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം മോദി പങ്കുവച്ചത് വെറുതെയല്ലെന്ന് ദേശീയമാധ്യമങ്ങള്‍



ദില്ലി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത് മോഹന്‍ലാലിന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടെ.


വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ മോഹന്‍ലാലിന്‍റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടകനാകാന്‍ പ്രധാനമന്ത്രിയെ മോഹന്‍ലാല്‍ കാണുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് എന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. 

മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന പോസ്റ്റുകള്‍ക്ക് അല്‍പ്പായുസ് മാത്രം: എംഎ നിഷാദ്


പ്രധാനമന്ത്രിയെ കാണാന്‍ പോയതുകൊണ്ടുമാത്രം മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും കമെന്റ്സിനും അല്‍പ്പായുസ് മാത്രമാണ് ഉള്ളതെന്ന് സംവിധായകന്‍ എംഎ നിഷാദ്. മോഹന്‍ലാല്‍ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.   ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമ്മവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ നിഷാദ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 387