31 August, 2018 07:17:19 PM


ഏറ്റുമാനൂര്‍ നഗരസഭ പൂട്ടിച്ച കുടുംബശ്രീ മാര്‍ക്കറ്റില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ സാധനങ്ങള്‍

കേരളത്തിലെ ആദ്യ കുടുംബശ്രീ വിപണന കേന്ദ്രത്തിന് താഴ് വീണത് ആറ് മാസം മുമ്പ്




ഏറ്റുമാനൂര്‍: സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രം നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിയിട്ട് അഞ്ച് മാസം കഴിയുന്നു. ഏറ്റുമാനൂര്‍ നഗരസഭാ മന്ദിരത്തിന് സമീപം നഗരഹൃദയത്തിലാണ് കുടുംബശ്രീ മിഷന്റെ കമ്മ്യൂണിറ്റി ഡവല്‌മെന്റ് സ്‌കീം പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഐശ്വര്യ ലാഭം മാര്‍ക്കറ്റിന് കഴിഞ്ഞ മാര്‍ച്ച് 31നാണ് താഴ് വീണത്. വാടക സംബന്ധിച്ച കരാര്‍ തയ്യാറാക്കി രണ്ട് ദിവസത്തിനു ശേഷം തുറക്കാമെന്ന ഉറപ്പിന്മേല്‍ നഗരസഭാ സെക്രട്ടറി പൂട്ടിയ താഴ് പിന്നീടിതു വരെ തുറന്നില്ല. ഇതോടെ കുടുംബശ്രീയ്ക്ക് ഉണ്ടായത്  ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം.


പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരിലെ കടകളില്‍ കയറിയിറങ്ങി പിരിവ് നടത്തുമ്പോഴും മൂന്ന് ലക്ഷം രൂപയിലധികം വില വരുന്ന അരിയും എണ്ണയും മറ്റ് പലചരക്ക് സാധനങ്ങളും ഈ കടയ്ക്കുളളില്‍ നശിക്കുകയായിരുന്നു. വനിതാവികസനഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് പണിത ബഹുനിലമന്ദിരത്തിലാണ് ഐശ്വര്യ ലാഭം മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ലീഗല്‍ മെട്രോളജിയുടെയും നഗരസഭയുടെയും ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനം പൂട്ടിയതിന് പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഡലക്ഷ്യങ്ങളാണെന്നാണ് ആരോപണം.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് 2013ലാണ് ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഒപ്പം സ്ത്രീകളുടെ തന്നെ സംരംഭമായ തനിമ കാന്റീനും പച്ചക്കറി കടയും മറ്റ് മുറികളിലും താല്‍ക്കാലിക ഷെഡിലുമായി പ്രവര്‍ത്തിച്ചിരുന്നു. കാന്റീന്‍, പച്ചക്കറികട എന്നിവ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പച്ചക്കറി കട നടത്തിയിരുന്നത് കുടുംബശ്രീ അംഗങ്ങൾ അല്ലായിരുന്നുവെന്നും പറയുന്നു. മുറികള്‍ക്ക് 500 രൂപാ പ്രകാരം വാടക നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നിരുന്നത് കുടുംബശ്രീ അംഗീകരിച്ചതാണെങ്കിലും വാടക ഈടാക്കിയിരുന്നില്ല. വൈദ്യുതി ചാര്‍ജ് മാത്രം സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം നല്‍കിയിരുന്നു. 


ഗ്രാമപഞ്ചായത്ത് മാറി നഗരസഭയായപ്പോള്‍ വാടക വേണമെന്ന് വീണ്ടും വാക്കാല്‍ പറഞ്ഞുവെങ്കിലും കുടുംബശ്രീയുമായി വാടക കരാര്‍ ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ എട്ട് മാസം മുമ്പ് കുടുംബശ്രീയില്‍ നിന്ന് വാടക ഈടാക്കണമെന്ന തീരുമാനം നഗരസഭാ കൗണ്‍സിലിലുണ്ടായി. എന്നിട്ടും ഈ വിവരം കുടുംബശ്രിയെ അറിയിക്കുവാനും വാടകകരാര്‍ ഉണ്ടാക്കാനുമുള്ള നടപടികള്‍ അധികൃതര്‍ എടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 31ന് വാടക നല്‍കാത്തതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റും ലൈസന്‍സ് ഇല്ലാത്തതിനാല്‍ കാന്റീനും പച്ചക്കറി കടയും പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് നോട്ടീസ് നല്‍കി സ്ഥാപനങ്ങള്‍ക്ക് താഴിടുകയായിരുന്നു. കൃത്യമായി വാടക പോലും നിശ്ചയിക്കാതെയായിരുന്നുവത്രേ അധികൃതരുടെ ഈ നടപടി. 


സൂപ്പര്‍മാര്‍ക്കറ്റ് നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാടക നല്‍കാന്‍ തയ്യാറാണെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭയെ അറിയിച്ചിരുന്നു. വാടകകരാര്‍ തയ്യാറാക്കി രണ്ടു ദിവസത്തിനകം സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു തരാമെന്ന് സെക്രട്ടറി വാഗ്ദാനം നല്‍കിയതാണ്. പക്ഷെ അഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടികളുമായില്ല. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഖേനയും അല്ലാതെയും പലതവണ ബന്ധപ്പെട്ടിട്ടും നഗരസഭയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ലത്രേ.


വിപണനകേന്ദ്രത്തിന്റെ നടത്തിപ്പില്‍ വ്യക്തമായ കണക്കുകള്‍ ഹാജരാക്കാത്തതാണ് സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടാന്‍ കാരണമായതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസ് പറയുന്നു. എന്നാല്‍ ഈ ആരോപണം പ്രവര്‍ത്തകര്‍ നിഷേധിച്ചു. 2013 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ കുടുംബശ്രീ മിഷന്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുള്ളതാമെന്നും 2017-18ലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഏപ്രില്‍ ഒന്നിന് ശേഷം നല്‍കാനിരിക്കെയാണ് മാര്‍ച്ച് 31ന് വിപണനകേന്ദ്രം പൂട്ടിച്ചതെന്നും  സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ പറഞ്ഞു.   


സംസ്ഥാന കുടുംബശ്രീ മിഷന്‍ ജില്ലാ മിഷന്‍ മുഖേന 12.45 ലക്ഷം രൂപാ ഏറ്റുമാനൂരിലെ ഐശ്വര്യാ മാര്‍ക്കറ്റിനായി ചെലവഴിച്ചിരുന്നു. നിലവില്‍ എലിയും മറ്റും കയറി നശിക്കുന്ന സാധനങ്ങല്‍ തന്നെ മൂന്ന് ലക്ഷം രൂപയിലധികം മൂല്യമുള്ളതാണ്. ജോയ് ഊന്നുകല്ലേല്‍ ഒരു മാസം മുമ്പ് ചെയര്‍മാനായി അധികാരമേറ്റ ഉടനെ വിലയിരുത്തല്‍ സമിതി കൂടി സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചിരുന്നു. ആയിരം രൂപ വാടക നിശ്ചയിക്കുകയും ചെയ്തതാണ്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. വിലയിരുത്തല്‍ സമിതിയുടെ യോഗ തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍കൊള്ളിച്ചിരുന്നു. പക്ഷെ ഇത് ചര്‍ച്ചക്കെടുക്കാതെ യോഗം പിരിയുകയായിരുന്നു.




Share this News Now:
  • Google+
Like(s): 627