30 August, 2018 08:20:56 PM


പ്രളയം: സഹായധനം നല്‍കുന്നത് സംബന്ധിച്ച് ഏറ്റുമാനൂര്‍ നഗരസഭയില്‍ ബഹളം

തനത് ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷവും അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കുവാന്‍ അന്തിമ തീരുമാനം




ഏറ്റുമാനൂര്‍: മഹാ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായധനമായി തങ്ങളുടെ ഓണറേറിയം നല്‍കുന്നതിനെ ചൊല്ലി ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം. വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം നല്‍കുന്നതില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ യോഗം ബഹളമയമായി. തുടര്‍ന്ന് നാടകീയരംഗങ്ങളാണ് നഗരസഭയില്‍ അരങ്ങേറിയത്.

പുതിയ നഗരസഭയായ ഏറ്റുമാനൂരില്‍ മൂന്നാമത്തെ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗം തുടങ്ങിയതു തന്നെ ബഹളത്തില്‍. ജൂലൈ 30നാണ് ജോയി ചെയര്‍മാനായി അധികാരത്തിലെത്തിയത്. പ്രളയക്കെടുതികളെ സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ അവസാനം തന്റെ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി നീക്കിവെക്കുന്നതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. അംഗങ്ങളുടെ സഹകരണത്തോടൊപ്പം നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് നല്ലൊരു തുകയും ഇതിനായി നീക്കിവെക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ ഓണറേറിയത്തില്‍ തൊട്ടുകളിക്കാന്‍ പല അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഏഴായിരം രൂപയാണ് ഒരു അംഗത്തിന്റെ പ്രതിമാസ ഓണറേറിയം. വേണമെങ്കില്‍ ആയിരം രൂപാ നല്‍കാമെന്ന് ചില അംഗങ്ങള്‍. ഇതിനോടകം വിവിധ സംഘടനകള്‍ വഴിയും പള്ളികള്‍ വഴിയും നേരിട്ടും സഹായങ്ങള്‍ ചെയ്തുവെന്നതാണ് കാരണമായി പലരും ചൂണ്ടികാട്ടിയത്. ഇതിനിടെ താന്‍ ഏഴിലധികം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും അവിടെയെല്ലാം സഹായധനം നല്‍കിയിട്ടുണ്ട് എങ്കിലും ഒരു മാസത്തെ ഓണറേറിയം നല്‍കാന്‍ തയ്യാറാണെന്നും കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട് എഴുന്നേറ്റ് പറഞ്ഞു.

ഒരുമിച്ച് പണം നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍  മുഖ്യമന്ത്രി പറഞ്ഞതുപോലെ പത്ത് തവണകളായി അടച്ചാല്‍ മതിയെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് പറഞ്ഞു. ഇതിനിടെ തന്റെ ഒരു മാസത്തെ ഓണറേറിയം എഴുതിയെടുത്തുകൊള്ളാന്‍ പറഞ്ഞ് തുകയെഴുതാത്ത ഒരു ചെക്ക് പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ചെയര്‍മാന് നല്‍കി. ഇതോടെ എതിര്‍പ്പുമായി രംഗത്തെത്തിയവരുടെ പത്തി മടങ്ങി. 

തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപാ നല്‍കാമെന്ന സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് എതിര്‍ത്തതും ബഹളത്തിന് കാരണമായി. ഒരു ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്നും അഞ്ച് ലക്ഷം രൂപയെങ്കിലും നല്‍കണമെന്നുമായിരുന്നു മോഹന്‍ദാസിന്റെ ആവശ്യം. തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന തുക കൂടുതലായാലും മറ്റ് നിയമപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഉള്ളതായി അദ്ദേഹം ചൂണ്ടികാട്ടി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ തനത് ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷവും അംഗങ്ങള്‍ ഒരു മാസത്തെ ഓണറേറിയവും നല്‍കാന്‍ തീരുമാനമാകുകയായിരുന്നു.




Share this News Now:
  • Google+
Like(s): 806