30 August, 2018 06:25:28 PM


ഓണനാളിലും ചെല്ലം ഓടി; രണ്ടു ദിവസം ഓടിയ തുക ദുരിതാശ്വസത്തിന് നല്‍കി രാമന്‍

2600 രൂപ ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയെ ഏല്‍പ്പിച്ചു




കോട്ടയം: ചെല്ലം എന്ന പേരില്‍ കോട്ടയം നഗരത്തില്‍  ഓടുന്ന ഓട്ടോറിക്ഷ രണ്ടു ദിവസം ഓടി കിട്ടിയ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പ്രളയജലത്തില്‍ ജീവിതം കലങ്ങിപ്പോയവരെ സഹായിക്കാനുള്ള വഴിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഉപജീവനമാര്‍ഗ്ഗം കൊണ്ടുതന്നെ സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ രാമന്‍. എണ്‍പതിയൊന്നുകാരനായ രാമന്‍ അന്‍പത്തിയേഴ് വര്‍ഷമായി ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട്.

ഓട്ടോയോടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് നാല് പെണ്‍മക്കളേയും പഠിപ്പിച്ചത്. ഇവരെ വിവാഹം കഴിപ്പിച്ചയക്കാന്‍  കിടപ്പാടം വില്‍ക്കേണ്ടി വന്നു. ഭാര്യ ചെല്ലമ്മയോടും മക്കളോടുമൊപ്പം ചെലവഴിച്ച ഓണനാളുകളിലൊന്നും രാമന്‍ ഓട്ടോ ഓടിച്ചിരുന്നില്ല. വിവാഹിതരായി ദൂരെ താമസിക്കുന്ന പെണ്‍മക്കളും ഒന്‍പതു മാസം മുന്‍പ് പരലോകം പൂകിയ ഭാര്യ ചെല്ലമ്മയും കൂടെയില്ലാത്ത ഈ ഓണനാളില്‍  രാമന്‍ ഓട്ടോറിക്ഷ ഓടിച്ചു. സഹഡ്രൈവര്‍മാരുടെ സഹായവും കൂടി ചേര്‍ത്ത്  2600 രൂപയുമായി  കളക്‌ട്രേറ്റില്‍ എത്തി  ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനിയെ ഏല്‍പ്പിച്ചു. 



Share this News Now:
  • Google+
Like(s): 152