30 August, 2018 05:44:05 PM


അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണങ്ങള്‍ അനുവദിക്കില്ല - മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളായ ഇരുന്നൂറ് ചെറുപ്പക്കാരെ തീരരക്ഷാസേനയുടെ ഭാഗമാക്കി നിയമിക്കുംതിരുവനന്തപുരം: ആളുകളെ കൊലയ്ക്ക് കൊടുക്കാനാകില്ലെന്നും അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ചര്‍ച്ചയില്‍ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം എങ്ങനെ വേണം എന്ന കാര്യത്തില്‍ കാര്യമായ നിര്‍ദേശങ്ങള്‍ വന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 


ദുരന്തനിവാരണ സംവിധാനത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മേഖലകളില്‍ നിന്നും വൈദഗ്ധ്യമുള്ളവരെയാണ് ഉള്‍പ്പെടുത്തുക. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കേരള പുനര്‍നിര്‍മ്മാണത്തിന്‍റെ കരട് രൂപരേഖ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു പാസാക്കും. പുനര്‍നിര്‍മ്മാണം വൈകുന്നത് കേരളജനതയുടെ സാധാരണ ജീവിതത്തെ ബാധിക്കും. എന്നാല്‍ ഇതിനായുള്ള മൂലധനം എങ്ങനെ സ്വരൂപിക്കാം എന്ന കാര്യത്തില്‍ കാര്യമായ നിര്‍ദേശം വന്നില്ല. ബാണാസുര അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നു എന്നു പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഉരുള്‍പൊട്ടിയ സ്ഥലങ്ങളുള്‍പ്പെടെ വലിയ ദുരന്തസാധ്യതയുള്ളിടത്ത് ഇനിയും ആള്‍താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ ആലോചന വേണം. മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.  വിശദമായ അന്വേഷണത്തിനും പഠനത്തിനും ശേഷമേ അതിലൊരു തീരുമാനമെടുക്കാന്‍ സാധിക്കൂ. പുനരധിവാസ നടപടികള്‍ക്ക് അന്താരാഷ്ട്രവിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. നമ്മുടെ നാടിന് എന്താണോ ചേരുന്നത് എന്താണോ നല്ലത് അത് സര്‍ക്കാര്‍ സ്വീകരിക്കും. സമഗ്രമായ റിസര്‍വോയര്‍ പരിപാലനം വേണമെന്ന നിര്‍ദേശം  സര്‍ക്കാര്‍ പരിഗണിക്കും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മികച്ച ചെറുപ്പക്കാരെ കണ്ടെത്തി തീരരക്ഷാസേനയുടെ ഭാഗമാക്കി നിയമിക്കും. ഇരുന്നൂറ് പേരെ ആദ്യഘട്ടത്തില്‍ ഈ രീതിയില്‍ നിയമിക്കും. 


നല്ല മഴ ലഭിക്കുന്ന ഒരു സംസ്ഥാനത്ത് റോഡുകളുടെ നിലവാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം അംഗീകരിക്കേണ്ടതാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൃഷി നടത്തുന്നതിനോട് സര്‍ക്കാരിന് എതിര്‍പ്പില്ല. കൃഷിനാശം പോലെയല്ല ആള്‍നാശം. അത് പരിഹരിക്കാന്‍ സാധിക്കുന്നതല്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ദൗര്‍ലഭ്യം നാം നേരിടുന്നുണ്ട് അത് എങ്ങനെ പരിഹരിക്കാം എന്ന കാര്യത്തില്‍ നിര്‍ദേശമുണ്ടായിട്ടില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ചെറുകിട വ്യാപാരികളുണ്ട്. ഇവര്‍ക്കൊന്നും ഇൻഷുറന്‍സ് പരിരക്ഷയില്ല. ഇതിലെന്ത് ചെയ്യാന്‍ സാധിക്കും എന്ന് പരിശോധിക്കാം.


കാലവര്‍ഷക്കെടുതിയുടെ അനുഭവങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. നിലവിലെ സമ്പ്രദായത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തും. ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ച പോലെ അഗ്നിരക്ഷാസേനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ എത്തിക്കും. അഗ്നിരക്ഷാസേനയുടെ കീഴില്‍ ഒരു റെസ്ക്യൂ വളണ്ടിയര്‍ സ്കീം നേരത്തെ മുതല്‍ നിലവിലുണ്ട്. ഇതു കൂറെ കൂടി വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അഗ്നിരക്ഷാസേനയെ മാത്രമല്ല പൊലീസിനേയും ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യമെത്തുന്ന പൊലീസിന് ആവശ്യമായ പരിശീലനം നല്‍കും. ദുരന്തത്തിന്‍റെ ഭാഗമായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. Share this News Now:
  • Google+
Like(s): 364