28 August, 2018 07:33:32 PM


ലാത്തിക്ക് പകരം ചൂലുമായി പോലീസ്; ഒപ്പം മജിസ്ട്രേറ്റും കൈകോര്‍ത്തപ്പോള്‍ വൃത്തിയായത് 'സരസ്വതി ക്ഷേത്രങ്ങള്‍'

പോലീസും ജഡ്ജിയും എത്തിയിട്ടും അധ്യാപകരുടെ സഹകരണം ഉണ്ടായില്ല




ഏറ്റുമാനൂര്‍: ദുരിതാശ്വാസ ക്യാമ്പുകള്‍ ഒഴിഞ്ഞ സ്‌കൂളുകളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ പോലും മടിച്ചു നിന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്ത് പോലീസും ന്യായാധിപനും. ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം സമ്മാനിച്ച പേരൂരിലും നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുമാണ് സ്‌കൂളുകളിലെ മാലിന്യങ്ങള്‍ നീക്കിയും പാത്രങ്ങള്‍  കഴുകി വൃത്തിയാക്കിയും ജഡ്ജിയും പോലീസും വ്യത്യസ്തരായത്.

ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് ദാസ്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപത് അംഗ പോലീസ് സംഘമാണ് ലാത്തിക്കും തോക്കിനും പകരം പകരം കയ്യില്‍ ചൂലും മറ്റ് ക്ലീനിംഗ് സാമഗ്രികളുമായി രംഗത്തിറങ്ങിയത്. പേരൂര്‍ ജെ.ബി.എല്‍.പി.സ്‌കൂള്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ സിഐ എ.ജെ.തോമസിന്‍റെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടന്നത്. സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളിലെ ശുചീകരണ ജോലികളില്‍ നിലം തുടച്ചും പാത്രം കഴുകിയും മജിസ്‌ട്രേറ്റും ഒപ്പം ചേരുകയായിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട പോലീസ്‌കാര്‍ക്ക് തന്‍റെ പദവി പരിഗണിക്കാതെ നാരങ്ങാവെള്ളം വിതരണം ചെയ്തും മജിസ്‌ട്രേറ്റ് വ്യത്യസ്തനായി.



നീണ്ടൂര്‍ എസ്.കെ.വി സ്‌കൂളില്‍ എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഈ മൂന്ന് സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സെന്‍റ് സെബാസ്‌ററ്യന്‍സ് സ്‌കൂളില്‍ വെള്ളം കയറുകയും ക്യാമ്പ് ഇവിടെ നിന്നും തിരുവഞ്ചൂരിലേക്കും മര്‍ത്തശ്മൂനി പള്ളി ഹാളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ചുറ്റും വെള്ളം നിറഞ്ഞതിനാല്‍ ജെ.ബി.എല്‍.പി.സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ദിവസങ്ങളോളം ഒറ്റപെട്ട നിലയിലുമായിരുന്നു. ഓണാവധിയ്ക്കു ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കാനിരിക്കെയാണ് ചൊവ്വാഴ്ച അതിവേഗ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പോലീസ് രംഗത്തെത്തിയത്. 


പോലീസും ജഡ്ജിയും ശുചീകരണത്തിന് എത്തിയിട്ട് പോലും അധ്യാപകരുടെ നിസഹരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജെ.ബി.എല്‍.പി. സ്‌കൂളില്‍ മാത്രം മൂന്ന് അധ്യാപകര്‍ പങ്കാളികളായി. കൂടെ വാര്‍ഡ് കൗണ്‍സിലര്‍ അജിശ്രീ മുരളിയുമുണ്ടായിരുന്നു. സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ പാചകപ്പുരയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കഴുകി കളഞ്ഞതു കൂടാതെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും മറ്റും മജിസ്‌ട്രേറ്റ് നേരിട്ടിറങ്ങിയത് പോലീസുകാര്‍ക്കും പ്രചോദനമാകുകയായിരുന്നു. ക്ലാസ് മുറികളും ശുചിമുറികളും സ്‌കൂള്‍ പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തു. കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധജലം ഉറപ്പു വരുത്തുകയും ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. 



Share this News Now:
  • Google+
Like(s): 1049