28 August, 2018 08:54:34 AM


പ്രാവിന് രക്ഷകരായി അഗ്‌നിശമനസേന; കൗതുക കാഴ്ചയുമായി നാട്ടുകാര്‍

ആറ്റിങ്ങല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം മൂന്നു നില കെട്ടിടത്തിലായിരുന്നു സംഭവം




ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം മൂന്നു നില കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സെത്തി. കെട്ടിടത്തിലെ പി.വി.സി പൈപ്പുകള്‍ക്കിടയില്‍ കാല്‍ അകപ്പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയായിരുന്നു പ്രാവ്. 


ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ ഡോക്ടര്‍ സജിയാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പാഞ്ഞെത്തിയ അഗ്‌നിശമനസേന കൂറ്റന്‍ ലാഡര്‍ ഉപയോഗിച്ച് മുകളില്‍ കയറി പ്രാവിനെ രക്ഷപ്പെടുത്തി. കാലിന് നിസാര പരുക്കേറ്റ പ്രാവിനെ ശുശ്രൂഷിക്കാന്‍ വിവരം അറിയിച്ച ഡോ. സജിയെ തന്നെ ഏല്‍പ്പിച്ചു.


സുഖം പ്രാപിക്കുമ്പോള്‍ പ്രാവിനെ പറത്തിവിടുമെന്ന് സജി പറഞ്ഞു. ഒരു പ്രാവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഫയര്‍ ഫോഴ്‌സിന്റെ ശ്രമം നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കുമാരദാസിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ശ്രീരൂപ്, അനീഷ്, രജീഷ്, വിപിന്‍, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്



Share this News Now:
  • Google+
Like(s): 129