27 August, 2018 10:42:07 PM


പമ്പാ ത്രിവേണി സംഗമത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചോദ്യമാവുന്നു

പ്രകൃതിയ്ക്കിണങ്ങാത്ത ഒരു നിര്‍മ്മാണ പ്രവൃത്തിയും നടത്തിക്കില്ലെന്ന് ദേവസ്വം പ്രസിഡന്‍റ്
പത്തനംതിട്ട: പമ്പാ ത്രിവേണിസംഗമത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു ചോദ്യമാവുന്നു. കുത്തൊഴുക്കില്‍ ത്രിവേണിയിലാകെ മണല്‍ വന്നടിഞ്ഞു. ദേവസ്വം വക ബഹുനിലമന്ദിരത്തിന്‍റെ ഒന്നാം നില പൂര്‍ണ്ണമായും മണലിനടിയിലായി. ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ക്ക് ഏറെ ബുദ്ദിമുട്ടേമ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.  


"പ്രളയത്തിൽ പമ്പയിൽ ബാക്കിയായത് എന്തൊക്കെ എന്ന് ചോദിക്കാവുന്നതാവും നല്ലത്," അതായിരുന്നു ശബരിമല ദേവസ്വം ചീഫ്  എഞ്ചിനീയറുടെ മറുപടി. ശബരിമലയുടെ ബേസ് സ്റ്റേഷനായ പമ്പയിൽ ഉണ്ടായ നഷ്ടത്തെ കുറിച്ചായിരുന്നു ചോദ്യം. ഒരു കൈയ്യിലെ വിരലുകളിൽ തികച്ചെണ്ണാനുളളത് പോലും പമ്പയാറിന്‍റെ കുത്തൊഴുക്കിൽ അവശേഷിച്ചില്ല. പ്രളയം അക്ഷരാർത്ഥത്തിൽ പമ്പയെ ഇല്ലാതാക്കി എന്ന് വേണം പറയാൻ.


ശുചിമുറികളുടെ രണ്ട് ബ്ലോക്, ഒരു റെസ്റ്റോറന്‍റ് ബ്ലോക്, ക്ലോക് റൂം ഇവയൊക്കെയാണ് ബാക്കി നില്‍ക്കുന്നത്. കടമുറികൾ സകലതും ഒലിച്ചുപോയതിനൊപ്പം രാമമൂർത്തി മണ്ഡപവും തകർന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ പഴയ പമ്പ ഇപ്പോഴില്ല. പുഴ ബാക്കിവച്ച പമ്പയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ അത് പമ്പ അല്ലെന്നേ പറയൂ. മനുഷ്യന്‍ കെട്ടിവെച്ചതെല്ലാം പുഴയെടുത്തു. പുഴയ്ക്ക് വേണ്ടാത്തത് ബാക്കിവെച്ചു. - ദേവസ്വം പ്രസിഡന്‍റ് പത്മകുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 


അണക്കെട്ടിലെ അടിത്തട്ടിലുണ്ടായിരുന്ന ശുദ്ധമായ മണലാണ് പമ്പാ മണപ്പുറത്ത് വന്ന് അടിഞ്ഞിരിക്കുന്നത്. ൧൨൦-൧൩൦ കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. ത്രിവേണിയില്‍ കെട്ടി ഉയര്‍ത്തിയിരുന്ന കടകളെല്ലാം പുഴയെടുത്തു. കടകള്‍ ലേലത്തില്‍ എടുത്തവര്‍ക്ക് തുക തിരികെ നല്‍കണം. ഇത് തന്നെ ൧.൬൦ കോടി രൂപ വരും. തീര്‍ത്ഥാടകര്‍ എത്താത്തതിനാല്‍ വരുമാന നഷ്ടം വേറെയും. 


നദിക്ക് ആഴം വര്‍ദ്ധിച്ചു. നല്ല അടിയൊഴുക്കാണ്.  ഇരുകരകളിലും മണ്ണിടിഞ്ഞ് പുഴ അതിന്‍റെ യഥാര്‍ത്ഥ ഭൂമി എടുത്ത് തന്നെ ഒഴുകുകയായിരുന്നു. പ്രളയത്തോടെ പമ്പയ്ക്ക് അക്കരെയും ഇക്കരെയും തമ്മില്‍ ഗതാഗതം മുടങ്ങി. സന്നിധാനത്ത് അസുഖബാധിതരായ മൂന്ന് പേരെ കഴിഞ്ഞ ദിവസമാണ് ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്. 


നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലം ഇപ്പോള്‍ മണലിനടിയിലാണ്.  മരത്തടികള്‍ പാലത്തിലിടിച്ച് നിന്ന് മണലടിഞ്ഞതോടെ പുഴ ഗതി മാറിയൊഴുകി. ഇനി പ്രകൃതിയ്ക്കിണങ്ങാത്ത ഒരു നിര്‍മ്മാണ പ്രവൃത്തിയും താന്‍ പ്രസിഡന്‍റ് ആയിരിക്കുമ്പോള്‍ ഇവിടെ നടത്തിക്കില്ലെന്ന് പ്രസിഡന്‍റ് പദ്മകുമാര്‍ പറഞ്ഞു. ശബരിമലയുടെ വികസനം പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് മാറ്റേണ്ട സാഹചര്യമാണ് വന്നിരിക്കുന്നതെന്ന് ദേവസ്വം ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍ പോറ്റി പറയുന്നു. കരസേനയുടെ സഹകരണത്തോടെ പമ്പയില്‍ ബെയിലി പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this News Now:
  • Google+
Like(s): 385