27 August, 2018 04:16:01 PM


സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ മുതുക് കാണിച്ച്‌ കൊടുത്ത ദൈവദൂതന് സമ്മാനം നല്‍കി വിനയന്‍

ജൈസല്‍ എന്ന മത്സ്യതൊഴിലാളിയ്ക്ക് ഒരു ലക്ഷം രൂപയാണ് നല്‍കിയത്




മലപ്പുറം: മഹാ പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ താരമായ മലപ്പുറം താനൂര്‍ സ്വദേശി ജൈസലിനോടുള്ള വാക്കു പാലിച്ച്‌ സംവിധായകന്‍ വിനയന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെപി ജൈസല്‍ എന്ന മത്സ്യതൊഴിലാളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.


ജൈസലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടതിന് ശേഷം ഇദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തെ വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വിനയന്‍ ജൈസലിന് നേരിട്ട് സ്‌നേഹ സമ്മാനം നല്‍കുകയായിരുന്നു.


മാധ്യമങ്ങളിലൂടെ ജൈസലിന്‍റെ കഥ കേട്ടപ്പോള്‍ നിര്‍ധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്‌നേഹവും ആദരവും തോന്നി. ഒറ്റമുറി ഷെഡ്ഡില്‍ കഴിയുന്ന ജൈസലിന്‍റെ കുടുംബത്തിന് ഇങ്ങനെയൊരു ചെറിയ സമ്മാനം കൊടുക്കുന്നത് ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്.



Share this News Now:
  • Google+
Like(s): 375