27 August, 2018 03:20:37 PM


യുഎഇ സ്ഥാനപതി കേരളത്തിലേക്ക്; പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെയും സംഘടനാ പ്രവര്‍ത്തകരെയും കാണും




ദില്ലി: ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അടുത്തയാഴ്ച കേരളം സന്ദര്‍ശിച്ചേക്കും. വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും അംബാസഡര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിനായുള്ള യുഎഇ ധനസഹായ വിഷയം വിവാദമായി തുടരവെയാണ് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കാനൊരുങ്ങുന്നത്. അടുത്തയാഴ്ചയോടെ കേരളം സന്ദര്‍ശിക്കുമെന്നാണ് വിവരം.



വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത അംബാസഡര്‍ നേരിട്ട് മനസ്സിലാക്കും. തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും അംബാസഡര്‍ കാണും. കേരളത്തിനെ പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ പ്രത്യേക സമിതി തന്നെ യുഎഇ രൂപീകരിച്ചിരുന്നു.



അംബാസഡറുടെ സന്ദര്‍ശനം സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ തുടര്‍നടപടി വേഗതയിലാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ അംബാസഡറുടെ അഭിമുഖത്തെ പരാമര്‍ശിച്ച്‌ കേരളത്തിനായുള്ള സഹായം യുഎഇ നല്‍കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തിന് സഹായം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് യുഎഇ പിന്നോട്ട് പോകില്ലെന്ന സൂചന കൂടിയാവുകയാണ് അംബാസഡറുടെ സന്ദര്‍ശനം.



Share this News Now:
  • Google+
Like(s): 112