27 August, 2018 02:59:57 PM


പ്രളയം: ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം നല്‍കി; സന്നദ്ധതയറിയിച്ച്‌ ഡി.ജി.പിയും

സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തന്‍റെ സഹപ്രവര്‍ത്തരേയും ഡിജിപി ക്ഷണിച്ചു




തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പണം ചീഫ് സെക്രട്ടറിക്ക് കൈമാറി. നവകേരളസൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതത്.


ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് നല്‍കിയാല്‍ മതിയെന്നും ഒരു മാസം മൂന്ന് ദിവസത്തെ വേതനം വച്ച്‌ നല്‍കാനാകുമോ എന്ന് എല്ലാവരും ചിന്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും തന്‍റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തന്‍റെ സഹപ്രവര്‍ത്തരേയും അദ്ദേഹം ക്ഷണിച്ചു. എക്സ‌ൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവരും ഒരു മാസത്തെ ശമ്പള തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 95