27 August, 2018 01:05:04 PM


കളിമണ്ണ് വിറ്റും തട്ടിപ്പ്: വന്‍ വില കൊടുത്ത് വാങ്ങിയ പവര്‍ ബാങ്കുകളില്‍ നിറയെ കളിമണ്ണ് (VIDEO)

പവര്‍ ബാങ്കിനുള്ളില്‍ ഉള്ളത് സാധാരണ ബാറ്ററിയും മണ്ണും



കോട്ടയം: വന്‍വില കൊടുത്ത് വാങ്ങിയ പ്രമുഖ കമ്പനികളുടെ പവര്‍ ബാങ്കുകളില്‍ നിറയെ കളിമണ്ണ്. ദില്ലിയിലെ ഒരു കടയില്‍ നിന്നും കോട്ടയം പേരൂര്‍ സ്വദേശി മോന്‍സി പി.തോമസ് വാങ്ങിയ പവര്‍ ബാങ്കുകളിലാണ് ഭാരം കൂട്ടാന്‍ നിറയെ കളിമണ്ണ് നിറച്ചിരിക്കുന്നതായി കാണപ്പെട്ടത്.


SYSKA, Mi എന്നീ കമ്പനികളുടേതാണ് മോന്‍സി വാങ്ങിയ പവര്‍ബാങ്കുകള്‍. ഇതില്‍ SYSKAയുടെ പവര്‍ബാങ്കിന്‍റെ സ്വിച്ച് കേടായതിനെ തുടര്‍ന്ന് അഴിച്ച് പരിശോധിച്ചപ്പോഴാണ് രണ്ട് ബാറ്ററിയും ബാക്കി നിറയെ കളിമണ്ണും കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടെ വാങ്ങിയ  Miയുടെ പവര്‍ബാങ്കും അഴിച്ച് പരിശോധിക്കുകയായിരുന്നു. അതിനുള്ളിലാകട്ടെ ഉണ്ടായിരുന്നത് ഒരു ബാറ്ററിയും ബാക്കി മണ്ണും.


ഒരു യാത്രയ്ക്കിടെ ദില്ലിയിലെ പ്രമുഖ കടയില്‍ നിന്നാണ് തന്‍റെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി മോന്‍സി വൈദ്യുതി ബാങ്കുകള്‍ വാങ്ങിയത്. 3600 രൂപയാണ് രണ്ട് ബാങ്കുകള്‍ക്കും കൂടി നല്‍കിയത്. ബില്ല് ആവശ്യമില്ലാ എങ്കില്‍ മുന്നൂറ് രൂപാ കുറച്ച് നല്‍കാമെന്ന് കടക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന്  ബില്ലും വാങ്ങിയില്ല. പക്ഷെ ഇതിനു പിന്നിലുള്ള വന്‍ തട്ടിപ്പ് മനസിലായത് തിരിച്ച് നാട്ടിലെത്തിയപ്പോള്‍  മാത്രം. 






Share this News Now:
  • Google+
Like(s): 1542