26 August, 2018 11:19:07 PM


പ്രളയ ദുരിതം: ശുചീകരണത്തിനുള്ള സാധനസാമഗ്രികള്‍ സംഭാവന ചെയ്യണം - മേയര്‍ വി.കെ.പ്രശാന്ത്

വോളണ്ടിയര്‍മാര്‍ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ കരുതണം




തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വീടുകള്‍ വൃത്തിയാക്കുന്നതിനുള്ള സാധന സാമഗ്രികള്‍ അത്യാവശ്യമാണെന്നും ദുരിതബാധിതരെ സഹായിക്കുന്നതിനായി മുന്നോട്ടുവരുന്നവര്‍ ശുചികരണത്തിനുള്ള സാധന സാമഗ്രികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് പ്രസ്താവനയില്‍ പറഞ്ഞു.



വീടുകളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നത് ഷവല്‍ (വലുത്, ചെറുത്), മണ്‍വെട്ടി, കുട്ട (പ്ലാസ്റ്റിക് കുട്ട, ചുരല്‍ കുട്ട അഭികാമ്യം), ഗംബൂട്ട്, മാസ്‌ക്, സ്റ്റീല്‍ ഡസ്റ്റ് പാന്‍, ഫ്‌ളോര്‍ ക്ലീനിംഗ് ബ്രഷ്, വൈപ്പര്‍, മോപ്പ്, ബക്കറ്റ്, മഗ്, സ്‌പോഞ്ച്, ഗാര്‍ഡന്‍ ഗൗസ്, കപ്പിയും കയറും എന്നീ ഉപകരണങ്ങള്‍ ഏറെ പ്രയോജനകരമാണ്. ബ്ലീച്ചിംഗ് പൗഡര്‍, ഫ്‌ളോര്‍ ക്ലീനര്‍, ലോഷന്‍, സോപ്പ് പൗഡര്‍, ഡെറ്റോള്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഫിനോയില്‍ എന്നിവയാണ് ആവശ്യമായ മറ്റ് സാധനങ്ങള്‍. ഇത്തരം സാധനസാമഗ്രികള്‍ ഇല്ലാതെ ക്യാന്വുകളില്‍ നിന്ന് വീടുകളിലെത്തുന്നവര്‍ക്ക് മലിനമായ വീടുകള്‍ ശുചീകരിക്കാന്‍ കഴിയില്ല. അതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാധനസാമഗ്രികള്‍ വാങ്ങി നല്‍കുന്നവര്‍ മേല്‍പറഞ്ഞവയ്ക്ക് മുന്‍തൂക്കം നല്‍കണം.



നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാദിവസവും സാധനസാമഗ്രികള്‍ കൈമാറാവുന്നതാണ്. തിരുവനന്തപുരത്ത് നിന്ന് ദിവസേന ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിനായി പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശുചികരണത്തിനായി പോകുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ടെറ്റ്‌നസ് ഇംഞ്ചക്ഷനും പ്രതിരോധ മരുന്നു നല്‍കുന്നതിന് നഗരസഭാ മെയിന്‍ ഓഫീസില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഇതിനുള്ള മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുക. ഇതോടൊപ്പം വോളണ്ടിയര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസും നടക്കും. എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 3 മണിക്കുമായി രണ്ട് ക്ലാസുകളാണ് നടക്കുക. വോളണ്ടിയര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിദഗ്ദ്ധര്‍ ഈ ക്ലാസുകളില്‍ വിശദീകരിക്കും. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വോളണ്ടിയര്‍മാര്‍ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്.



Share this News Now:
  • Google+
Like(s): 134