26 August, 2018 12:10:25 PM


പ്രളയബാധിത മേഖലയില്‍ കവർച്ച ആസൂത്രണം ചെയ്ത വിദേശ മലയാളിയും കൂട്ടാളിയും അറസ്റ്റില്‍

പിടിയിലായവരില്‍ ആറ്റിങ്ങലിലെ ധനകാര്യ സ്ഥാപനത്തിൽ നടന്ന വന്‍ കവര്‍ച്ചയിലെ മുഖ്യപ്രതിയും
കൊച്ചി: പ്രളയബാധിത മേഖലകളിലെ ധനകാര്യ സ്ഥാപനങ്ങളിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ വിദേശ മലയാളിയും കൂട്ടാളിയും പോലീസ് പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ് (55), കണ്ണൂർ തളാപ്പ് സ്വദേശി പിന്‍റോ എന്ന അശ്വിൻ (39) എന്നിവരാണ് ഗ്യാസ് കട്ടർ അടക്കമുള്ള ഉപകരണങ്ങളുമായി പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പോലീസിന്‍റെ ശ്രദ്ധ പ്രളയത്തിൽ മുങ്ങിയവരുടെ പുനരധിവാസത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനിടെ ധനകാര്യ സ്ഥാപനങ്ങളിലും ബിവറേജ് ഔട്ട്ലറ്റുകളിലും ജുവലറികളിലും പ്രതികൾ വൻ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. 


ഉത്രാട ദിനത്തിൽ പുലർച്ചെ 4.30 മണിയോടെ കാറിലെത്തിയ ഇരുവരും പെരുമ്പാവൂരിലെ ഒരു കടയുടെ പൂർട്ട് തകർത്ത് സംഘം ഓക്സിജന്‍ സിലിണ്ടർ കവർച്ച ചെയ്തു. കടയിൽ കവർച്ച നടന്നത് ഉടമ പോലീസിനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഗ്യാസ് കട്ടർ ഉപയോഗത്തിനാണ് സിലിണ്ടർ കവർന്നതെന്ന് മനസ്സിലാക്കി. വൻ കവർച്ചയാണ് പ്രതികൾ ആസൂത്രണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വിവിധ ജില്ലാ പോലീസ് മേധാവികൾക്ക് വിവരം കൈമാറുകയായിരുന്നു. ഡിവൈഎസ്പി ജി.വേണുവിന്‍റെ നേതൃത്വത്തില്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച ഉച്ചയോടെ ആലപ്പുഴ മാരാരിക്കുളത്തുള്ള റിസോർട്ടിൽ വെച്ച് പോലീസ് പ്രതികളെ പിടികൂടി.ജയപ്രകാശും അശ്വിനും  ദീർഘകാലം ഗൾഫിൽ ഒരുമിച്ച്  ജോലി ചെയ്തവരാണ്. ജയപ്രകാശ് 2103ൽ തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരെ കെട്ടിയിട്ട് അമ്പത്തഞ്ച് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ പ്രതിയാണ്. അന്ന് ലഭിച്ച സ്വര്‍ണ്ണവും പണവുമായി വിദേശത്തേക്ക് കടന്ന ഇയാളെ 2014ല്‍  നാട്ടിലെത്തിയപ്പോള്‍ പിടികൂടിയിരുന്നു. 23 വര്‍ഷത്തോളം പ്രവാസിമലയാളിയായിരുന്ന ഇയാള്‍ ഒന്നര മാസം മുമ്പ് അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയതിനിടെയാണ് അശ്വിനെ വീണ്ടും കണ്ടുമുട്ടുന്നത്.


ഓസ്ട്രേലിയയിൽ ഓ‍‍ർഗാനിക് ഫ്രൂട്ട്സ് ബിസിനസ് നടത്തുന്ന അശ്വിന്‍ വിവാഹം കഴിച്ചിരിക്കുന്നത് പാകിസ്ഥാനിയെയാണ്. ഓസ്ട്രേലിയയിൽ നിന്നും ബിസിനസ് നെതർലാന്‍റ്സിലേക്ക് മാറ്റുന്നതിനുള്ള പണം കണ്ടെത്താനാണ് കവർച്ചയിൽ മുൻ പരിചയമുള്ള ജയപ്രകാശിനെ കൂട്ടുപിടിച്ചത്. ധനകാര്യ സ്ഥാപനത്തിന് പുറമെ ഓണക്കാലത്തെ കച്ചവടം കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ ആലപ്പുഴ ജില്ലകളിലെ ബിവറേജ് ഷോപ്പുകളിലെ പണം കവർച്ച ചെയ്യുന്നതിനും ഇവർ പദ്ധതിയിട്ടതായി പോലീസ് വ്യക്തമാക്കുന്നു.


പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ്, എസ്.ഐമാരായ ഫൈസല്‍ പി.എ, സൂഫി ടി.എം, എല്‍ദോസ് കെ.പി., എഎസ്ഐമാരായ രാജേന്ദ്രന്‍, റജി, അജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, അനൂപ്, പ്രീജിത്ത്, സുധീഷ്, ഷര്‍ണാസ്, സൈബര്‍ സെല്‍ സിപിഓ ബോബി, കൊച്ചി സിറ്റി എഎസ്ഐമാരായ ജോസി, സുരേഷ് തുടങ്ങിയവരടങ്ങിയ സംഘം പിടികൂടിയത്. ഞായറാഴ്ച രാവിലെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ  14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.


Share this News Now:
  • Google+
Like(s): 653