25 August, 2018 07:09:24 PM


പൂക്കളം തീര്‍ത്തും ഓണസദ്യയുണ്ടും ഒരുമയുടെ സന്ദേശം പകര്‍ന്ന് പനമ്പാലം ക്യാമ്പ് നിവാസികള്‍

രണ്ട് വയസു മുതല്‍ 80 വയസു വരെയുള്ളവര്‍ ആഘോഷത്തില്‍ ഒത്തു ചേര്‍ന്നു
കോട്ടയം: ഓണം ദുരിതാശ്വാസ ക്യാമ്പിലായി പോയതിന്‍റെ വേദനകള്‍ എല്ലാം മറന്ന് ഒരുമയുടെ സന്ദേശം പകരുകയാണ് പനമ്പാലം ഗവ. എല്‍. പി.സ്‌കൂളിലെ ക്യാമ്പ് നിവാസികള്‍. ആകെ 270 പേരുള്ള ക്യാമ്പില്‍ രാവിലെ തന്നെ കുട്ടിപ്പട പൂക്കളമൊരുക്കി. 32 കുട്ടികളാണ് ഈ ക്യാമ്പിലുള്ളത്. ആഘോഷത്തിന് യാതൊരു കുറവുമില്ലായിരുന്നു. ഉച്ചവരെ മൈക്ക് സെറ്റിലൂടെയുള്ള പാട്ടും മത്സരങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. രണ്ട് വയസു മുതല്‍ 80 വയസു വരെയുള്ളവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ പഴയ കാലത്തെ  ഓണാനുഭവങ്ങളും കൊയ്ത്തുപാട്ടുകളും നാടന്‍ പാട്ടുകളും അരങ്ങേറിയ ഒരു വ്യത്യസ്ത വേദിയായി ക്യാമ്പ് മാറി. 


വേഗത്തില്‍ ഞാറു നടാന്‍ കര്‍ഷകര്‍ക്ക് ഉണര്‍വ്വ് നല്‍കുന്ന പാട്ടുകളും കറ്റ മെതിയ്ക്കുമ്പോള്‍ പാടുന്ന പാട്ടുകളും പുതു തലമുറയ്ക്ക് നവ്യാനുഭവം നല്‍കി. പരിപാടികള്‍ക്കിടയില്‍ വൊളണ്ടിയേര്‍സിന്‍റെ വക കുട്ടികള്‍ അടക്കമുള്ള എല്ലാ അംഗങ്ങള്‍ക്കും ഓണക്കോടി. നൈറ്റി, മുണ്ട്, ഉടുപ്പുകള്‍ എന്നിങ്ങനെയുള്ള തുണിത്തരങ്ങളാണ് വിതരണം ചെയ്തത്. മാറ്റ് ഒട്ടും കുറയ്ക്കാതെ തന്നെ 16 കൂട്ടം കറികളും പായസവുമായി ഉച്ചയ്ക്ക് ഓണസദ്യ. സദ്യയ്ക്ക് അന്തേവാസികളെ കൂടാതെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും അദ്ധ്യാപകരും.


തിരുവോണത്തിന് മാത്രമല്ല എല്ലാ ദിവസവും ക്യാമ്പിലെ ഭക്ഷണക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി ക്യാമ്പിലെ വൊളണ്ടിയറും സമീപവാസിയുമായ സുരേഷ് കുറുപ്പ് പറഞ്ഞു. ക്യാമ്പിലെ അഞ്ച് വയസ്സിന് താഴെയുള്ള 20 കുട്ടികള്‍ക്ക് എല്ലാ ദിവസവും രാവിലെ പാല്‍ ഉള്‍പ്പെടെയുള്ള സമീകൃതാഹാരം ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്.  പിന്നെയും വൈകുവോളം ഓണത്തിന്‍റെ പാട്ടും മേളവും.  എല്ലാം കഴിഞ്ഞപ്പോള്‍ ഓണം എങ്ങനെ എന്ന ചോദ്യത്തിന് സൂപ്പറായിരുന്നെന്ന് കുട്ടിക്കൂട്ടത്തിന്‍റെ മറുപടി. അതേ ഈ ഓണം സൂപ്പറായിരുന്നു. 

ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറില്‍ ആഘോഷമായി ഓണം


ചങ്ങനാശ്ശേരി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ഉടുത്തിരുന്ന വസ്ത്രവും കൈയില്‍ കിട്ടിയതുമായി ഓടിയെത്തിയവരാണ് ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ ക്യാമ്പിലെ അന്തേവാസികള്‍. ആകെ 162 കുടുംബങ്ങളിലായി 634 പേര്‍. ഓണത്തെകുറിച്ചും ഓണാഘോഷത്തെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ വരെ യാതൊരു ചിന്തയും ഇല്ലാതിരുന്നവര്‍. ഉത്രാടത്തലേന്ന് അനഘ എന്ന നാലു വയസുകാരിയുടെ സദ്യയെ പറ്റിയുള്ള ചോദ്യങ്ങള്‍ ഇവരെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കസേരകളിയും നാരങ്ങ സ്പൂണ്‍ റേസും അടക്കം നിരവധി കളികളും മത്സരങ്ങളും. ക്യാമ്പിലെ കുട്ടികളുടെ പാട്ടും മോണോ ആക്ടും കഥ പറച്ചിലും.ഉച്ചയ്ക്ക് ഓണവിഭവങ്ങള്‍ എല്ലാമുള്‍പ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യ. സമൃദ്ധമായ ഐക്യത്തിന്റെ ഓണം.Share this News Now:
  • Google+
Like(s): 413