25 August, 2018 10:18:28 AM


മഴക്കെടുതി: വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ

ഭൂമി പൂര്‍ണമായും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ്
കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമി പൂര്‍ണമായും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. ഓരോ ആള്‍ക്കും എത്ര സെന്‍റ് സ്ഥലമാണ് നഷ്ടമായതെന്നതിനെ കുറിച്ചുള്ള കണക്കെടുപ്പ് വില്ലേജ് ഓഫീസര്‍മാര്‍ നടത്തണമെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിക്കിരയായവരെ പുനരധിവസിപ്പിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ വിഭവ സമാഹരണം നടത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം കൊണ്ടുമാത്രം നികത്താന്‍ സാധിക്കാത്തത്ര ഭീമമായ നാശനഷ്ടങ്ങളാണ് ജില്ലയിലെ മലയോര മേഖലയില്‍ ഉണ്ടായിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നാം കാണിച്ച ഐക്യവും ഉല്‍സാഹവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന 'കേരളത്തിനായി ഒരു മാസം' ക്യാംപെയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


 
ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും കേടുവന്ന കിണറുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി വരികയാണ്. ആവശ്യമായ ഇടങ്ങളില്‍ സൗജന്യമായി ജലപരിശോധന നടത്തുന്നതിനുള്ള സംവിധാനമൊരുക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കെട്ടിടങ്ങളിലും റോഡുകളിലും വിള്ളല്‍ അനുഭവപ്പെട്ട നെല്ലിയോടി, ശാന്തിഗിരി പ്രദേശങ്ങളിലെ ആളുകളെ താല്‍ക്കാലികമായി ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ കുറച്ചുകാലത്തേക്ക് വാടകവീടുകളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും കളക്ടര്‍ പറഞ്ഞു. ഭൂമിയിലെ വിള്ളലിനെ കുറിച്ച് ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസമാവാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനെ സമീപിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ റോഡുകള്‍ക്ക് 183.79 കോടിയുടെ നഷ്ടവും 20 പാലങ്ങള്‍ തകര്‍ന്ന വകയില്‍ 40.89 കോടിയുടെ നഷ്ടവുമുണ്ടായി. 26 കോടിയുടെ കൃഷി നാശമാണ് ജില്ലയില്‍ പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ഇതിനകം 113 വീടുകള്‍ പൂര്‍ണമായും 2,625 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈ കാലവര്‍ഷത്തില്‍ ആകെ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 20 പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. വീടുകള്‍ക്കും മറ്റുമുണ്ടായ നാശ നഷ്ടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി 1.85 കോടി രൂപ താലൂക്കുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1.3 കോടി രൂപ ഇതിനകം വിതരണം ചെയ്തതായും കലക്ടര്‍ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ കെ. സി. ജോസഫ്, സണ്ണി ജോസഫ്, മേയര്‍ ഇ. പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചുShare this News Now:
  • Google+
Like(s): 318