25 August, 2018 10:17:22 AM


വ്യാജവാറ്റ്: 16 ലിറ്റർ ചാരായവുമായി ആർപ്പൂക്കര വാര്യമുട്ടത്ത് ഒരാള്‍ അറസ്റ്റില്‍

ഓണ വില്പനയ്ക്ക് വീടിന്‍റെ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു




ഏറ്റുമാനൂര്‍: ഓണവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ വ്യാജവാറ്റ് നടത്തിയ ഒരാള്‍ പിടിയില്‍. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് നിന്ന് 16 ലിറ്റർ വാറ്റ് ചാരായവുമായി വാര്യമുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന പൈറ്റേട്ട് പറമ്പിൽ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ഓമനക്കുട്ടനാണ് (59) ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ എക്സൈസ് റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. 


ഓണത്തിന് വില്പന നടത്തുന്നതിനായി വീടിന്‍റെ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ  റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ ബിനോദ്, ജോസ്, സജിമോൻ സിവിൽ ഓഫീസർമാരായ ദീപേഷ്, ജെക്സി, വിനോദ് കുമാർ, ജോബി, അനൂപ്, രഞ്ജിത്ത്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 279