24 August, 2018 09:14:28 PM


മഹാ പ്രളയത്തിനിടെ 'വാഴ വെട്ടി'; ഹോട്ടലിനെതിരെയുള്ള ആരോപണം വൈറലാവുന്നു

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഹോട്ടല്‍ അധികൃതര്‍


തിരുവല്ല: നാട് മുഴുവന്‍ വെള്ളത്തിനടിയിലായപ്പോള്‍ അഭയാര്‍ത്ഥികളായി എത്തിയവരോട് ഹോട്ടലുകാര്‍ കരുണ കാട്ടിയില്ലെന്ന് ആരോപണം. തിരുവല്ലയിലെ പ്രമുഖ ഹോട്ടലില്‍ മൂന്ന് ദിവസം താമസിച്ച തങ്ങളോട്  ഒരു സൗകര്യവും നല്‍കാതെ തന്നെ ഭീമമായ തുക മുറിയുടെ വാടകയിനത്തില്‍ വാങ്ങിയെന്നും ആരോപണം. തിരുവല്ല കാരയ്ക്കല്‍ കാട്ടുപറമ്പില്‍ തുണ്ടിയില്‍ ജോബന്‍ ആന്‍റണി, പെരിങ്ങര വെങ്കിടശേരില്‍ നവമണി എന്‍.വി എന്നിവര്‍ക്ക് ലഭിച്ച ബില്‍ സഹിതം സമൂഹമാധ്യമങ്ങളിലും ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ഹോട്ടല്‍ ഉടമ നിഷേധിച്ചു.

സമൂഹമാധ്യമങ്ങളില്‍  പരക്കുന്ന പോസ്റ്റ് ചുവടെ."എല്ലാവരെയും പോലെ ഞങ്ങളും അഭയാർത്ഥികൾ ആയിരുന്നു. രാവിലെ കണ്ണ് തുറക്കുമ്പോൾ മനുഷ്യർ ഓടുന്നതാണ് കാണുന്നത്. നോക്കിനിൽക്കുമ്പോൾ വെള്ളം വന്നു പടിക്കൽ കയറുന്നു. ഞാനും അമ്മയും പെങ്ങളും പെങ്ങളുടെ രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. കൈയിൽ കിട്ടിയതൊക്കെ എടുത്തു ഞങ്ങളും കൈക്കുഞ്ഞുമായി മഴയത്തു വെള്ളത്തിൽ ചാടി. റോഡിൽ കണ്ട എല്ലാ ലോഡ്ജിലും റൂം നോക്കി, കിട്ടിയില്ല. അവസാനം തിരുവല്ല "HOTEL HERITAGE" കണ്ടു. ഗേറ്റ് ലോക്ക്ഡ് ആണ്. നല്ല മഴയും ഉണ്ട്. ഒരു ലേഡി ഇറങ്ങി വന്നു പക്ഷേ ഗേറ്റ് തുറന്നില്ല. "റൂം ഉണ്ട് AC മാത്രമേ ഉള്ളു 3000 രൂപ ആണ് റേറ്റ് (including  GST)" എന്ന്. ഞാൻ ചോദിച്ചു എല്ലായിടത്തും 1500 ഒക്കെയല്ലേ Ac റൂമിനു റേറ്റ് എന്ന്. അപ്പോൾ അവർ പറഞ്ഞു ഇത് ഡീലക്സ് റൂം ആണ് അത്രയും റേറ്റ് വരും എന്ന്. ഞങ്ങൾക്ക് രണ്ടു റൂം ആവശ്യമുണ്ടായിരുന്നു. ദിവസം 6000 രൂപക്ക് സമ്മതം ആണേൽ മാത്രം ഗേറ്റ് തുറന്നു തരും. ആ സമയത്തു വേറെ വകുപ്പില്ല, സമ്മതം.. ഗേറ്റ് തുറന്നു. അകത്തു കയറി റൂം കാണിച്ചു തരുന്നതിനു മുമ്പ് അവർക്കു മൂന്നു ദിവസത്തെ ക്യാഷ് അഡ്വാൻസ് വേണം എന്ന്. Rs 18000!!  കൈയിൽ ഉണ്ടായിരുന്നത് തൂത്തു വാരി കൊടുത്തിട്ടു ബാക്കി അന്ന് തന്നെ തന്നോളം എന്ന കരാറിൽ റൂം കിട്ടി. മറ്റു സാധാ റൂമിന്റെ റേറ്റ് 2000 ആണ്. ഗതികേട് കൊണ്ട് എല്ലാ റൂമിലും ആൾക്കാർ വന്നു കിടപ്പുണ്ട്. മറ്റു AC റൂം വെച്ചു നോക്കുമ്പോൾ എനിക്ക് കിട്ടിയ റൂമിന്റെ പ്രേത്യേകത AC വർക്കിംഗ് അല്ലായിരുന്നു എന്നതാണ്. പോട്ടെ  എനിക്ക് AC വേണ്ട. ബാത്റൂമിലെ ഷവർ തുറന്നാൽ വെള്ളം താഴോട്ടല്ല മുകളിലോട്ടാണ് പോവുന്നത്. ഡ്രയിനേജ് ബ്ലോക്ക്ഡ് ആണ് വെള്ളപ്പൊക്കം പേടിച്ചു റൂം എടുത്തപ്പോൾ അവിടേം വെള്ളപൊക്കം. ഇത്രയും വലിയ തുക കൊടുത്തു എടുത്ത റൂം ആയിട്ടും ഒരു ജഗ് വെള്ളം പോലും ഒരു റൂമിലും കൊടുക്കുന്നില്ല. ചോദിച്ചപ്പോൾ സ്റ്റാഫ് ഇല്ല എന്നാണ് പറഞ്ഞത്, പക്ഷേ റേറ്റ് കുറയ്ക്കാൻ തയ്യാറല്ല. ഇതൊന്നും ഞാൻ കംപ്ലയിന്റ് ചെയ്തില്ല. കാരണം കിടക്കാൻ ഒരു സ്ഥലം അതായിരുന്നു ആവശ്യം. അടുത്ത റൂമിൽ ഉണ്ടായിരുന്ന ഫാമിലി അവരുടെ കുഞ്ഞിന് വേണ്ടി ചൂട് വെള്ളം ചോദിച്ചപ്പോൾ ആ ലേഡി പറഞ്ഞത് "നിങ്ങൾ പുറത്തു നിന്നല്ലേ ഫുഡ് കഴിക്കുന്നത്" എന്നാണ്. എന്നാൽ അവിടുന്ന് കഴിക്കാമെന്നു വെച്ചാലോ ഒരു കട്ടൻ കാപ്പിക്ക് 20 രൂപ. 

മൂന്നാം ദിവസം ചെക്ക്‌ഔട്ട് ആവുന്ന നേരം ഒരു രജിസ്റ്റർ നീക്കി തന്നു ഒപ്പിടാൻ. അതിൽ ഒരു ഡീറ്റെയ്ൽസും ഫിൽ ചെയ്തിട്ടില്ല. പിന്നെ ഫിൽ ചെയ്തോളാം എന്നാണ് പറഞ്ഞത്. അത് ഫിൽ ചെയ്യിച്ചിട്ടാണ് ഞങ്ങൾ ഒപ്പിട്ടത്. ബില്ലിൽ സീൽ ചെയ്യണോ എന്നും ചോദ്യം ഉണ്ടായിരുന്നു, അതും ചെയ്യിപ്പിച്ചു. ക്യാഷ് കൂടുതൽ ആണ് കുറയ്ക്കില്ലേ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അവർ പറഞ്ഞത് "ഇവിടെ ലോക്കൽ ആൾക്കാരല്ല വരുന്നത്, അല്ലാത്തവർ കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടി ഇട്ടിരുന്നത് തന്നെ" എന്നാണ്. എന്നിട്ടു ബില്ലിൽ 1000 രൂപ കുറച്ചു തന്നു. ഞങ്ങളുടെ ബില്ലും, സാധാ റൂമിൽ ഉണ്ടായിരുന്നവരുടെ ഒരു ബില്ലും ഞാൻ ഇവിടെ കൊടുക്കുന്നു. കേരളം മൊത്തം ഒരു ദുരന്തം നടക്കുന്ന സമയത്തു പോലും ഇങ്ങനെ വാഴ വെട്ടുന്ന മനുഷ്യർ ഉണ്ടെന്നു കാണിക്കാനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്."

ഹോട്ടലുടമയുടെ വിശദീകരണം


എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോട്ടലുടമ അഡ്വ. സജന്‍ തമ്പാന്‍ പറഞ്ഞു. മുറികളുടെ വാടക മാത്രമാണ് ഇവരോട് വാങ്ങിയിട്ടുള്ളത്. മുറികള്‍ എടുത്തത് തന്നെ റൂം വാടക ഇത്ര വരുമെന്ന വ്യവസ്ഥ അംഗീകരിച്ചുകൊണ്ടാണ്. മറ്റുള്ള ഹോട്ടലുകള്‍ സീസണില്‍ വാടക കൂട്ടുന്നതുപോലെ താന്‍ കൂട്ടിയിട്ടില്ല. നിലവിലുള്ള വാടകയില്‍ നിന്നുമാണ് ഡിസ്കൗണ്ട് നല്‍കിയത്. ജിഎസ്ടിയില്‍ കുറവ് വരുത്താതെ ഡിസ്കൗണ്ട് നല്‍കിയിട്ടുണ്ട്. മൂന്ന് നേരവും ആഹാരം സൗജന്യമായി നല്‍കി. ഡീലക്സ് മുറികള്‍ എടുത്ത ടാക്സ് ഓഫീസര്‍ എന്നത് മാനിച്ചുകൊണ്ട് മുറിയില്‍ തന്നെ മുന്തിയ തരത്തിലുള്ള ആഹാരം എത്തിച്ചിരുന്നു. 

ഇത്രയും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടും 202ല്‍  താമസിച്ചിരുന്ന വ്യക്തി അദ്ദേഹവുമായി ബന്ധമില്ലാത്ത വിഷയത്തില്‍ ഇടപെട്ട് ഇതിനിടെ റിസപ്ഷനിലിരുന്ന തന്‍റെ അമ്മയോട് അപമര്യാദയായി പെരുമാറുകയും ഈ സ്ഥാപനം തല്ലിപൊട്ടിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. ഒരു വിവാഹപാര്‍ട്ടിയോട് മുറിവാടകയില്‍ ഇളവ് അനുവദിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞത് ഏറ്റുപിടിച്ചാണ് ഇയാള്‍ ബഹളമുണ്ടാക്കിയത്. ഇതെല്ലാം സിസിടിവിയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഹോട്ടലുടമ പറയുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ പോകുന്നതിന് പകരം ഹോട്ടലില്‍ മുറിയെടുത്ത് എല്ലാ സൗകര്യങ്ങളും അനുഭവിച്ച ശേഷമാണ് പരാതിയുമായി ഇവര്‍ എത്തിയിരിക്കുന്നതെന്നും ഹോട്ടലുടമ ചൂണ്ടികാട്ടി.Share this News Now:
  • Google+
Like(s): 437