22 August, 2018 12:52:46 PM


പ്രളയം: സര്‍ക്കാരിനെ പ്രതി കൂട്ടിലാക്കി ആരോപണങ്ങളും ട്രോളുകളും പെരുകുന്നു

ഈ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ചെന്നിത്തല ; സര്‍ക്കാരിനെതിരെ കത്തോലിക്കാ സഭയുംതിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം അവസാനിച്ചതോടെ കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിന് പിന്നിലെ കാരണങ്ങളെ ചൊല്ലി ആരോപണ - പ്രത്യാരോപണങ്ങള്‍ ശക്തമാക്കുന്നു. ഒപ്പം സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും. പ്രതിപക്ഷ നേതാവും രാജു എബ്രഹാം എം.എല്‍.എയും കത്തോലിക്കാ സഭയും സര്‍ക്കാരിനെതിരെ വാളോങ്ങി രംഗത്ത് വന്നവരില്‍ ഉള്‍പ്പെടുന്നു.


ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമായാതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതി വകുപ്പിനുണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


1924ലെ വെള്ളപൊക്കം പ്രകൃതി സൃഷ്ടിയായിരുന്നു. എന്നാല്‍ ഈ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. ഡാമുകളില്‍ ജലനിരപ്പിനെക്കുറിച്ച് യാതൊരു ധാരണയും കെഎസ്ഇബിക്ക് ഇല്ലായിരുന്നു. തുലാം മാസത്തില്‍ മഴ ബാക്കി നില്‍ക്കുമ്പോള്‍ ഡാമുകള്‍ നിറച്ചു വച്ചത് കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി കൊണ്ടു മാത്രമാണ്. യാതൊരു മുന്നൊരുക്കവുമില്ലാതെ രാത്രിയ്ക്ക് രാത്രി കൂട്ടത്തോടെ ഡാമുകള്‍ തുറന്നു വിട്ടതാണ് കേരളത്തെ ഇത്തരമൊരു പ്രളയത്തിലേക്ക് നയിച്ചത്. 


ഇടുക്കിയിലും എറണാകുളത്തും 11 ഡാമുകള്‍ തുറന്നു. പമ്പ നദിയിലെ ഒന്‍പത് ഡാമുകളും ചാലക്കുടിയാറിലെ 6 ഡാമുകളും തുറന്നു. ഇത്രയും ഡാമുകള്‍ ഒരുമിച്ചു തുറന്നിട്ടാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതി വകുപ്പിനും ദുരന്ത നിവാരണസമിതിക്കും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചുള്ള പ്രത്യാഘാത പഠനവും നടത്തിയില്ല. ലാഭക്കൊതിയന്‍മാരായ കെ.എസ്.ഇ.ബിയുടെ ആര്‍ത്തിയാണ് ഇത്ര വലിയ വിപത്തിലേക്ക് കേരളത്തെ നയിച്ചത് - രമേശ് ചെന്നിത്തല പറയുന്നു. 


പത്തനംതിട്ട: പ്രളയം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും നാശനഷ്ടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും  മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്നും രാജു എബ്രഹാം എംഎല്‍എ വെളിപ്പെടുത്തി. 14-ാം തീയതി രാത്രി താന്‍ പമ്പയുടെ തീരത്തുണ്ടായിരുന്നു. നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ട താന്‍ റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുമായിരുന്നു. കടക്കാര്‍ക്ക് സാധനങ്ങള്‍ മാറ്റാനും, ജനങ്ങള്‍ക്ക് വീടൊഴിയാനും സമയം കിട്ടുമായിരുന്നു. പക്ഷേ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇതുണ്ടായില്ല. 


പമ്പയില്‍ വെള്ളം പൊങ്ങുന്നത് കണ്ട് ആഗസ്റ്റ് 15-ന് രാത്രി തങ്ങള്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്നും രാജു പറയുന്നു. ഡാമുകള്‍ അടച്ചില്ലായിരുന്നുവെങ്കില്‍ റാന്നിയില്‍ തന്നെ ആറായിരം, ഏഴായിരം പേര്‍ ഒലിച്ചു പോകുമായിരുന്നു. അത്രയും വേഗതയിലും ശക്തിയിലുമാണ് നദി ഒഴുകി വന്നത്. 


ഒഡീഷയില്‍ ന്യൂനമര്‍ദ്ദമുണ്ടായപ്പോള്‍ തന്നെ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതായിരുന്നു. 1991ലും സമാനമായ ഒരു സാഹചര്യം റാന്നിയിലുണ്ടായിരുന്നു. തോടുകളും നദികളും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഴ ശക്തമായാല്‍ വളരെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കും. നേരത്തെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഈ പ്രാവശ്യം ഇടുക്കി ഡാം തുറക്കുന്നതില്‍ മാതൃകാപരമായ മുന്‍കരുതലുകള്‍ ഉണ്ടായി എന്നാല്‍ പമ്പയില്‍ ശബരിഗിരി, ആനത്തോട്, കക്കി ഡാമുകളുടെ കാര്യത്തില്‍ അതുണ്ടായില്ല. ഗുരുതരമായ പാളിച്ചകളാണ് ഉണ്ടായതെന്ന് ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും രാജു എബ്രഹാം പറയുന്നു. Share this News Now:
  • Google+
Like(s): 468