21 August, 2018 09:16:30 PM


ഏറ്റുമാനൂര്‍ നഗരസഭ പ്രളയാനന്തര പുനരധിവാസ പ്രക്രീയ ബുധനാഴ്ച ആരംഭിക്കും

ചെളിനിറഞ്ഞ മുറ്റവും വഴിയും മെറ്റിലും പാറപ്പൊടിയും ഇട്ട് വൃത്തിയാക്കും




ഏറ്റുമാനൂര്‍: പ്രളയാനന്തര പുനരധിവാസ പ്രക്രീയ ഏറ്റുമാനൂര്‍ നഗരസഭയില്‍  ബുധനാഴ്ച ആരംഭിക്കും. പ്രളയ ബാധിതരായ 150 കുടുംബങ്ങളില്‍  പുനരധിവാസത്തിനായി ശുചീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തും. ഇതിനായി നഗരസഭയില്‍ 10 പേര്‍ അടങ്ങുന്ന 10 സ്ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ സ്ക്വാഡിലും ഹരിത കര്‍മ്മസേന -ആരോഗ്യപ്രവര്‍ത്തകര്‍, ഇലക്ട്രീഷ്യന്‍മാര്‍, കെ.എസ്.ഇ.ബി. ജീവനക്കാര്‍, വാട്ടര്‍ അതോറിട്ടി പ്രതിനിധികള്‍, എഞ്ചിനീയര്‍മാര്‍, എന്‍.ആര്‍.ഇ.ജി, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടും.


രണ്ട് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഒരു സ്ക്വാഡിന് നേതൃത്വം കൊടുക്കും. പുറമെ നിന്നുള്ള വോളണ്ടിയേഴ്സിന്‍റെ സേവനവും ഉണ്ടാകും. നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ രണ്ടു ദിവസങ്ങള്‍കൊണ്ട് വെള്ളപ്പൊക്കമുണ്ടായ മുഴുവന്‍ വീടുകളും വൃത്തിയാക്കി വാസയോഗ്യമാക്കും. അതാത് ഇടങ്ങളില്‍ കുടംബശ്രീയും ദേശീയ സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഉദ്യമത്തില്‍ പങ്കാളികളാകും. വീടുകളില്‍ തകരാറിലായ ഇലക്ട്രീക് സംവിധാനം നന്നാക്കി കൊടുക്കും. വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. കുടിവെള്ളം മലിനമായത് സൂപ്പര്‍ ക്ലോറിനേഷന്‍ വഴി ശുദ്ധീകരിക്കും.


ചെളിനിറഞ്ഞ മുറ്റവും വഴിയും മെറ്റിലും പാറപ്പൊടിയും ഇട്ട് വൃത്തിയാക്കും തകര്‍ന്ന ശൗചാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കും. ഓണത്തിന് മുമ്പ് പ്രളയ ബാധിതരായ എല്ലാ വീടുകളും പരിസരങ്ങളും ശുചീകരിച്ച് ജനവാസയോഗ്യമാക്കും. ഇത് സംബന്ധിച്ച് നേതൃത്വം ആലോചിക്കാന്‍ ചൊവ്വാഴ്ച നഗരസഭാ ഹാളില്‍ വിപുലമായ ജനകീയ യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ മെമ്പര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ്. തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യോഗം നഗരസഭാ ചെര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.പി. മോഹന്‍ദാസ് അദ്ധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജയശ്രീ ഗോപിക്കുട്ടന്‍, പി.എസ്. വിനോദ്, വിജി ഫ്രാന്‍സീസ്, ഡോ. സജിത്ത്, ഡോ. ബിന്ദു, കെ.എസ്.ഇ.ബി. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പി.വി. പ്രദീപ്, കൃഷി ഓഫീസര്‍ സാബു, നഗരസഭാ സെക്രട്ടറി വൃജ എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൂസന്‍ തോമസ് സ്വാഗതവും, കൗണ്‍സിലര്‍ ഉഷാ സുരേഷ് നന്ദിയും പറഞ്ഞു.


Share this News Now:
  • Google+
Like(s): 603