20 August, 2018 01:07:40 PM


നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മന്ത്രി ജര്‍മനിയില്‍; കെ. രാജുവിന്‍റെ യാത്രയ്ക്കെതിരെ കാനം

മന്ത്രിക്കെതിരെയുള്ള നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും



തിരുവനന്തപുരം: നാടാകെ പ്രളയത്തിൽ മുങ്ങി ദുരിതമനുഭവിക്കുമ്പോൾ ജർമ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം വ്യക്തമാക്കി. വേൾഡ് മലയാളി കൗൺസിലിൻറെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്. 


മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിക്കട്ടേ. പാര്‍ട്ടി നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞു.

കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളായിരുന്നു വനംമന്ത്രി രാജു. കേരളം ഇതുവരെ കാണാത്ത പ്രളയം നേരിടുമ്പോള്‍ രക്ഷാ ചുമതല ഏകോപിപ്പിക്കേണ്ട മന്ത്രി ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശയാത്ര നടത്തിയത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. യാത്ര വിവാദമായതോടെ സിപിഐ മന്ത്രിയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.



Share this News Now:
  • Google+
Like(s): 35