19 August, 2018 11:32:01 PM


മഴക്കെടുതി: നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്യാമ്പ് വാസം നിര്‍ബന്ധമല്ല : ജില്ലാ കളക്ടര്‍

നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ശേഖരിക്കും




കോട്ടയം: മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ക്യാമ്പ് വാസം നിര്‍ബന്ധമല്ലെന്ന് ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി അറിയിച്ചു. ക്യാമ്പില്‍ താമസിക്കുന്നവരുടെയും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ച നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെയും വിവരങ്ങള്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേകം ശേഖരിക്കുന്നതാണ്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെയും എല്‍.എസ്.ജി.ഡി എഞ്ചിനീയറുടെ മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
സഹായഹസ്തവുമായി നിരവധി പേര്‍


ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 2.18 കോടി രൂപ എത്തി. കഴിഞ്ഞ മാസം തുടങ്ങിയ കഷ്ടകാലത്തിനു ഇതുവരെ ജില്ലയില്‍ അറുതിയായിട്ടില്ല. വിവിധ സര്‍ക്കാര്‍ വകപ്പുകള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും സഹായനിധിയിലേക്കു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജൂലൈ 26 മുതലുള്ള കണക്കാണിത്. സഹകരണ മേഖലയില്‍ നിന്ന് ഉഴവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷവും കടത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്കും മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ഒരു ലക്ഷം രൂപ വീതവും നല്‍കി. ചെറുതും വലുതുമായി നിരവധി സഹായങ്ങള്‍ ഫണ്ടിലെത്തുന്നുണ്ട്.

ധനസഹായത്തോടൊപ്പം ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങളും വലിയ തോതില്‍ കളക്ട്രേറ്റില്‍ എത്തുന്നുണ്ട്. ദുരന്തത്തില്‍ സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക. അക്കൗണ്ട് നമ്പര്‍- 67319948232, ഐ.എഫ്.എസ്.സി. കോഡ്- SBIN0070028, എസ്.ബി.ഐ. ടൗണ്‍ ബ്രാഞ്ച്, തിരുവനന്തപുരം. ഡി.ഡി, ചെക്ക് മുഖേന സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ(ഫണ്ട്സ്) വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം-1. സംഭാവന നല്‍കുന്നവര്‍ പേര്, വിലാസം, പിന്‍, ഫോണ്‍ തുടങ്ങിയവയും നല്‍കണം.



Share this News Now:
  • Google+
Like(s): 73