19 August, 2018 08:44:35 PM


ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഹാള്‍ തരില്ലെന്ന് ബാര്‍ അസോസിയേഷന്‍; പൂട്ട് പൊളിച്ച് കളക്ടര്‍

ബാർ അസോസിയേഷന്‍റെ നിലപാടിനെതിരെ കളക്ടറുടെ നടപടി പ്രശംസ പിടിച്ചു പറ്റുന്നു



തൃശൂർ: കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു കൊണ്ടുപോകാൻ എത്തിച്ച വസ്തുക്കൾ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഹാൾ തുറന്നുകൊടുക്കാൻ കലക്ടർ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതെ ഭാരവാഹികൾ. പല തവണ ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ തന്നെ പൂട്ട് പൊളിപ്പിച്ച് ഹാള്‍ ഗോഡൗണാക്കി. തൃശൂരിലാണ് സംഭവം.


ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്‍റെ ഈ നിഷേധ നിലപാട്. തന്‍റെ ആവശ്യം പരിഗണിക്കാതെ വന്നതോടെ പൂട്ടുപൊളിക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍ ടി.വി.അനുപമ രംഗത്തെത്തി. പൂട്ടു പൊളിച്ച് അരിയും മറ്റും സൂക്ഷിച്ചശേഷം കളക്ടർ വേറെ താഴിട്ടു പൂട്ടിയിരിക്കുകയാണ്. 


അതേസമയം, സത്യാവസ്ഥ മനസ്സിലാക്കാതെ മാധ്യമങ്ങൾ തങ്ങളെ വേട്ടയാടുകയാണെന്ന് തൃശ്ശൂർ ബാർ അസോസിയേഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. "തമിഴ്നാട്ടിൽ നിന്ന് ഒരു ലോഡ് അരി തൃശൂർ കളക്‌ട്രേറ്റിൽ എത്തിയപ്പോൾ ലോഡ് ഇറക്കാൻ ഏറ്റവും പറ്റിയ മുറിയായി ബാർ അസോസിയേഷൻ ഹാളിനെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ താക്കോൽ ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അടിയന്തിര സാഹചര്യത്തിൽ പൂട്ട് പൊളിച്ചതാണ്. അല്ലാതെ ബാർ അസോസിയേഷൻ ഹാൾ വിട്ടു നൽകാൻ വിസമ്മതിച്ചതു കൊണ്ടല്ല". 


"ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെ നന്നായി ഇടപെട്ട ബാർ അസോസിയേഷനാണ് തൃശൂർ ബാർ അസോസിയേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അവശ്യ സാധനങ്ങൾ അസോസിയേഷൻ നേതൃത്വത്തിൽ കളക്റ്റ് ചെയ്ത് ജില്ലാ കളക്ടറെ ഏൽപ്പിച്ചിരുന്നു. കളക്ഷൻ സെന്‍ററുകളിൽ സാധനങ്ങൾ ഇറക്കാനും കയറ്റാനും അഭിഭാഷകർ നേത്യത്വം നൽകുന്നു. അസോസിയേഷൻ നടത്താറുള്ള ഓണാഘോഷ പരിപാടികൾ മാറ്റി വെച്ച് ആ സംഖ്യയും കൂടാതെ അംഗങ്ങളിൽ നിന്നും കൂടുതൽ പണം കളക്റ്റ് ചെയ്ത ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്." അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 315